തിരൂരങ്ങാടിയിലെ 'വ്യാജ' ഉദ്യോഗസ്ഥൻ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ
text_fieldsമലപ്പുറം: സബ് ആർ.ടി ഓഫിസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ പത്ത് വർഷമായി ജോലി ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. ജയിംസ് പറഞ്ഞു. പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമീഷണർക്ക് നൽകും. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിൽ ഇന്നലെ ആർ.ടി ഓഫിസിൽ പരിശോധന നടത്തിയിരുന്നു.
തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിൽ ഉദ്യോഗസ്ഥനെന്ന വ്യാജേന യുവാവ് ജോലി ചെയ്തത് പത്ത് വർഷത്തോളമാണ്. ഉദ്യോഗസ്ഥരുടെ യൂസർ ഐഡിയും പാസ് വേഡുമെല്ലാം ഉപയോഗിച്ച്, സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ഇയാൾ കമ്പ്യൂട്ടർ ജോലികളടക്കം ചെയ്ത് വരികയായിരുന്നു. താനൂർ സ്വദേശിയായ ഇയാൾ ഏജന്റുമാരുടെ ബിനാമിയാണ്. ഇയാൾക്കുള്ള വേതനം ഉദ്യോഗസ്ഥരും ഏജന്റുമാരുമാണ് നൽകിയിരുന്നത്. ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പല രേഖകളും ഇയാളാണത്രെ അപ്ലോഡ് ചെയ്തിരുന്നത്.
‘മീഡിയവൺ’ പുറത്തുകൊണ്ട് വന്ന ഈ വാർത്തയെതുടർന്നാണ് തൃശൂർ മേഖല ഡെപ്യൂട്ടി കമീഷണർ എം.പി. ജെയിംസ് സബ് ആർ.ടി ഓഫിസിൽ പരിശോധന നടത്തിയത്. കമ്പ്യൂട്ടറുകളും ഫയലുകളും പരിശോധിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ട്രാൻസ്പോർട്ട് കമീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റ താൻ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും കീഴുദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ സി.പി. സക്കറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.