വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീ്ഷന്‍റെ വ്യാജ തിരിച്ചറിയിൽ കാർഡ് ഉണ്ടാക്കിയെന്ന കേസിൽ നാലുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ മണക്കാല നെല്ലിമൂട്ടിൽ ചാർളി ഭവനിൽ ഫെന്നി നൈനാൻ (25), അടൂർ കോളിക്കുന്നുകുഴി ഏഴംകുളം തൊടുവാകാട് ബിനു സദനത്തിൽ ബിനിൽ ബിനു (21), ഏഴംകുളം ടൗൺ വാർഡ് ആറുതാളിക്കൽ അഭയം വീട്ടിൽ അഭിനന്ദ് (29), പന്തളം പറന്തൽ കുരമ്പാല വിഘ്നേശ്വരം വീട്ടിൽ വികാസ് കൃഷ്ണൻ (42) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിച്ചു. ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്.
വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫിസ് യൂത്ത് കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകും. നേരത്തേ നോട്ടീസ് നൽകിയിട്ടും വിശദീകരണം നൽകാത്ത പശ്ചാത്തലത്തിലാണിത്. അറസ്റ്റിലായ നാലുപേരും രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ളവരാണ്. ഈ പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യൽ. അറസ്റ്റിലായവരും തന്‍റെ നാട്ടുകാരും അടുത്തറിയുന്ന പാർട്ടി പ്രവർത്തകരുമാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
മൊബൈൽ സോഫ്റ്റ്വെയറും കമ്പ്യൂട്ടറും ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. 24 വ്യാജ കാർഡുകൾ പൊലീസ് കണ്ടെടുത്തു. അതു നിർമിക്കാനുപയോഗിച്ച ലാപ്ടോപ്പും ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. തുടർന്നാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇവർക്ക് നേരിട്ട് ബന്ധമുള്ളതിന്‍റെ ഡിജിറ്റൽ തെളിവ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.