യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡെന്ന്; അന്വേഷണസംഘമായി
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ക്രമസമാധാനം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി ഡി.സി.പി നിതിൻരാജിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക.
മ്യൂസിയം സി.ഐ എച്ച്. മഞ്ജുലാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി. കമീഷണർ സ്റ്റ്യുവർട്ട് കീലർ, സൈബർ പൊലീസ് എസ്.ഐ ശ്യാം, മ്യൂസിയം സ്റ്റേഷനിലെ നാല് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരാണ് സംഘത്തിലുള്ളത്. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ് , ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിന് പരാതി നൽകിയിരുന്നു. ഈ പരാതികൾ അദ്ദേഹം ഡി.ജി.പിക്ക് കൈമാറുകയും തുടർന്ന് പരാതിയിന്മേൽ വെള്ളിയാഴ്ച മ്യൂസിയം പൊലീസ് കേസെടുക്കുകയുമായിരുന്നു. നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് വെള്ളിയാഴ്ച രാത്രി കേസെടുത്തിരുന്നു.
വ്യാജരേഖ ചമച്ചതിനാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, ഐ.ടി ആക്ടിലെ 66 സി വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ യൂത്ത് കോണ്ഗ്രസ് നേതാക്കളുടെയും തെരഞ്ഞെടുപ്പില് പങ്കെടുത്തവരുടെയും പരാതിക്കാരുടെയും മൊഴി അന്വേഷണസംഘമെടുക്കും.
മൊബൈൽ ആപ് കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ച ആപ് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു. സി.ആർ കാർഡ് എന്ന മൊബൈൽ ആപ്പുപയോഗിച്ചാണ് യൂത്ത് കോൺഗ്രസുകാർ വ്യാജ കാർഡുകൾ നിർമിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം കാർഡുകളുടെ നിർമാണം തെരഞ്ഞെടുപ്പ് കമീഷനും പൊലീസും അതിഗൗരവത്തോടെയാണ് കാണുന്നത്. മൊബൈൽ ആപ് നിർമിച്ചത് ആര്, ആർക്കുവേണ്ടി, ഇതിന്റെ പ്രവർത്തനം എങ്ങനെ തുടങ്ങിയ വിവരങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് പ്രത്യേകാന്വേഷണ തലവനായ ഡി.സി.പി നിതിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കേസിൽ പ്രതികളെ ചേർത്തിട്ടില്ലെങ്കിലും ആപ് നിർമിച്ചവരെയടക്കം പ്രതിചേർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കാർഡ് നിർമിച്ചുവെന്ന് അവകാശപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാളിൽനിന്ന് വിവരങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം ശനിയാഴ്ച പരാതിക്കാരായ ഡി.വൈ.എഫ്.ഐ നേതാക്കളിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. എ.എ. റഹീം എം.പി, വി.കെ. സനോജ്, വി. വസീഫ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.