ഐ.ജി ചമഞ്ഞ് തട്ടിപ്പ് യുവാവിനെതിരെ കൂടുതൽ പരാതികൾ
text_fieldsതൃശൂർ : ഐ.ജി ചമഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെതിരെ (21) കൂടുതൽ പരാതികൾ. തിരുത്തിപറമ്പ് സ്വദേശിയിൽ ആറു ലക്ഷം തട്ടിയതായി മെഡിക്കൽ കോളജ് പൊലീസിൽ പരാതി. തിരുത്തിപറമ്പ് മാളിയേക്കൽ വീട്ടിൽ റിട്ട.ട്രഷറി ഓഫിസറായ മുഹമ്മദ് കുട്ടിയെ കബളിപ്പിച്ചാണ് പണം തട്ടിയത്. ബൊലേറോ ജീപ്പ്, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഒന്നര ലക്ഷം എന്നിവയാണ് ഇയാൾ തട്ടിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐ.ജി ബാനുകൃഷ്ണ എന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തനിക്ക് ഐ.പി.എസ് ലഭിച്ചെന്നും ഇതിനായി വാഹനവും പണവും ആവശ്യമുണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ്കുട്ടിയിൽ നിന്ന് ഇവയെല്ലാം വാങ്ങിയത്. മിഥുനും ഇയാളുടെ സഹോദരി സന്ധ്യയും മേയ്മാസം മുതൽ മുഹമ്മദ്കുട്ടിയുടെ മരുമകെൻറ ഉടമസ്ഥതയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മണ്ണുത്തി പൊലീസാണ് ഇയാളെ വലയിൽ വീഴ്ത്തിയത്. മിഥുെൻറ രണ്ടാം ഭാര്യയായ താളിക്കുണ്ട് സ്വദേശിനിയുടെ സഹോദരന് സിവിൽ പൊലീസ് ഓഫിസറായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അഞ്ച് ലക്ഷം രൂപ തട്ടിയത്.
ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് പിസ്റ്റളുമായി പൊലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിലായിരുന്നു ഇയാൾ പണം തട്ടാൻ ഇറങ്ങിയത്. തനിക്ക് സ്ഥലംമാറ്റമായെന്നും ഇത് തെളിയിക്കുന്ന വ്യാജ ഉത്തരവിെൻറ പകർപ്പ് ഇയാൾ ഭാര്യ വീട്ടുകാരെ കാണിച്ചതായും പറയുന്നു. ഇയാളുടെ സമീപനങ്ങളിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് മിഥുൻ പിടിയിലായത്. ഇതിനിടെ അപസ്മാരത്തെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.