നിക്ഷേപ തട്ടിപ്പുകൾക്ക് തടയിടാൻ സമഗ്രനിയമം വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ തട്ടിപ്പുകൾക്ക് തടയിടാൻ സർക്കാർ നിയമം കൊണ്ടുവരുന്നു. ഇതിനായുള്ള നടപടികൾ വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ നിക്ഷേപതട്ടിപ്പുകളിൽ പതിനായിരങ്ങൾ അകപ്പെടുകയും പലരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയമനിർമാണം ഉദ്ദേശിക്കുന്നത്. ചിട്ടിക്കമ്പനികൾ, ബ്ലേഡ് മാഫിയ എന്നിവയെ ഉൾപ്പെടെ നിയന്ത്രിക്കുന്ന തരത്തിലാകും നിയമം. ചിട്ടി നടത്താൻ അധികാരമോ അനുമതിയോ ഇല്ലാത്ത ജ്വല്ലറികൾ ഉൾപ്പെടെ ചിട്ടി നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുണ്ട്. ചിട്ടിക്കമ്പനികളുടെ മറവിൽ ലക്ഷങ്ങൾ നിക്ഷേപം വാങ്ങി ഉടമ മുങ്ങുന്ന സാഹചര്യവും നിലവിലുണ്ട്. സോളാർ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലും തട്ടിപ്പുകൾ തടയുന്നതിൽ സംസ്ഥാനത്ത് നിയമം ഇല്ലാത്തതിെൻറ പാളിച്ച ചൂണ്ടിക്കാട്ടിയിരുന്നു.
വർഷങ്ങളായി പല സാമ്പത്തിക തട്ടിപ്പുകളിൽ മലയാളികൾ കുടുങ്ങുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം, ടോട്ടൽ ഫോർ യു തട്ടിപ്പ് മുതൽ നിർമൽകൃഷ്ണ ചിട്ടി തട്ടിപ്പ് വരെ നീളുന്നു ഇൗ തട്ടിപ്പുകൾ. വർഷങ്ങൾക്കുമുമ്പ് തന്നെ ധനകാര്യ, ആഭ്യന്തര വകുപ്പുകൾ ഇത്തരം നിക്ഷേപ, സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് ശക്തമായ നിയമം കൊണ്ടുവരണമെന്ന ശിപാർശകൾ സമർപ്പിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. എന്നാൽ, നിർമൽകൃഷ്ണ, സോളാർ തട്ടിപ്പുകളുമായൊക്കെ ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും കമീഷനുമൊക്കെ സമർപ്പിച്ച റിപ്പോർട്ടുകൾ ഒരു നിയമത്തിെൻറ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സ്ഥാപനങ്ങൾ ആരംഭിച്ച് തട്ടിപ്പ് നടത്തുന്ന ചിട്ടിക്കമ്പനികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരവധിയാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടുകളിൽ പറയുന്നത്. അതിനാൽ ഇത്തരം സ്ഥാപനങ്ങൾക്കുമേൽ എന്തെങ്കിലും നടപടികൾ കൈക്കൊള്ളുന്നതിൽ സംസ്ഥാനത്തിന് പലപ്പോഴും പരിമിതികളുണ്ട്. ആ സാഹചര്യത്തിൽ കേന്ദ്രസർക്കാറുമായി കൂടിയാലോചിച്ചശേഷമാകും ഇതുസംബന്ധിച്ച നിയമത്തിന് അന്തിമരൂപം നൽകുക.
ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള പല തട്ടിപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷണങ്ങളും തുടരുകയാണ്. സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ പല ജ്വല്ലറികളും തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ കേന്ദ്രമായ ഒരു ജ്വല്ലറിക്കെതിരെ നിക്ഷേപകർ മാസങ്ങളായി പ്രേക്ഷാഭത്തിലാണ്. വർഷങ്ങളുടെ പാരമ്പര്യമുള്ള മറ്റൊരു ജ്വല്ലറിക്കെതിരെ ‘സെബി’യുടെ റിപ്പോർട്ടും നടപടികൾക്ക് ശിപാർശയുമെല്ലാം നിലവിലുണ്ട്. തട്ടിപ്പ് നടത്തുന്നവർ ഒടുവിൽ കോടതിയിൽ പാപ്പർ ഹരജി സമർപ്പിക്കുകയും അത് കോടതി അംഗീകരിക്കുന്നതോടെ തട്ടിപ്പുകാർ രക്ഷപ്പെടുകയും നിക്ഷേപകർ വഴിയാധാരമാകുകയും ചെയ്യുന്ന സാഹചര്യമാണ് പൊതുവിലുള്ളത്.
വർഷങ്ങൾക്കുശേഷം ഇൗ വ്യക്തികൾ തന്നെ മറ്റ് തട്ടിപ്പിലേർപ്പെടുന്ന സാഹചര്യവുമുണ്ട്. അതിനാൽ ഇൗ വ്യക്തികളിൽനിന്ന് തന്നെ നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കുന്ന നിർദേശങ്ങളുൾപ്പെട്ട സജീവ നിയമമാകും വരുകയെന്നറിയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ക്രൈംബ്രാഞ്ച്, ഇൻറലിജൻസ് റിപ്പോർട്ടുകളും സർക്കാറിെൻറ പക്കലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.