വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ ശേഷം കാൻസറാണെന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിച്ചു; വ്യാജ ഐ.പി.എസുകാരൻ പിടിയിൽ
text_fieldsഅറസ്റ്റിലായ കാർത്തിക് വേണുഗോപാൽ (വിപിൻ കാർത്തിക്)
കളമശ്ശേരി: നിരവധി പേർക്ക് വിവാഹവാഗ്ദാനം നൽകി പണംതട്ടിയതടക്കം ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിവന്ന യുവാവ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി റോഡ് സ്കൈ വ്യൂവിൽ കാർത്തിക് വേണുഗോപാലിനെയാണ് (വിപിൻ കാർത്തിക് -31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ മലയാളി യുവതിയെ വിവാഹ വാഗ്ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്ക് കാൻസറാണെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. വിവാഹത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ച കാരണത്തിന് ബംഗളൂരു സിറ്റി പൊലീസ് പരിധിയിലുള്ള കടുകോടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ നിലവിൽ പിടികൂടിയത്.
നിരവധി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ള ഇയാൾ, വിവാഹ വാഗ്ദാനം നൽകി അവരിൽനിന്ന് പണം കൈക്കലാക്കിയശേഷം വഞ്ചിക്കുകയായിരുന്നു. നിരവധി പേരിൽനിന്ന് വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനും വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കുകളിൽനിന്നും വായ്പയെടുത്ത് തട്ടിപ്പു നടത്തിയതിനും ഇയാൾക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ ഡി.സി.പി അശ്വതി ജിജി, തൃക്കാക്കര എ.സി.പി ബേബി എന്നിവരുടെ നേതൃത്വത്തില്‍ ഇടപ്പള്ളി ലുലു മാളിൽ െവച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ഫോണും ലാപ്ടോപ്പും പണവും പിടിച്ചെടുത്തു.
പുതുനഗരം, ചിറ്റൂർ, ഗുരുവായൂർ (അഞ്ച്), നാദാപുരം (രണ്ട്), വടകര, തലശ്ശേരി, കന്‍റോൺമെന്‍റ് സ്‌റ്റേഷൻ (മൂന്ന്), എറണാകുളം സെൻട്രൽ, ജീവൻഭീമ നഗർ ബംഗളുരു, കിളികൊല്ലൂർ, തൃക്കാക്കര, വിൽസൺ ഗാർഡൻ ബംഗളൂരു, പാലാരിവട്ടം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ ബംഗളൂരു പൊലീസിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.