വ്യാജ എൽഎൽ.ബി: ഹൈകോടതി അഭിഭാഷകനെതിരെ കേസ്
text_fieldsതിരുവനന്തപുരം: വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച അഭിഭാഷകനായ തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈകോടതി അഭിഭാഷകൻ മനു ജി. രാജനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ബിഹാറിലെ മഗഡ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് മനു ബാര്‍ കൗണ്‍സിലിൽ ഹാജരാക്കിയതെന്നാണ് പാറ്റൂർ സ്വദേശിയായ എ.ജി. സച്ചിൻ നൽകിയ പരാതി.
2013ലാണ് വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മനു അഭിഭാഷകനായത്. 10 വര്‍ഷമായി കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശനിയാഴ്ച കന്റോണ്‍മെന്റ് പൊലീസ് ഐ.പി.സി 465, 468, 471 വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. കന്റോണ്‍മെന്റ് അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതിനിടെ, മനു സി. രാജന്റെ വ്യാജരേഖയുമായി ബന്ധപ്പെട്ട കൂടുതൽ വിവരാവകാശ രേഖകൾ ‘മാധ്യമ’ത്തിന് ലഭിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ 2023ൽ കേരള സർവകലാശാലയിൽനിന്ന് ബി.എൽ എൽഎൽ.ബി (പഞ്ചവത്സരം) സർട്ടിഫിക്കറ്റ് നേടിയതായി ഡിസംബർ 12ന് കേരള സർവകലാശാല നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര എൽഎൽ.ബിയും ലയോള കോളജിൽനിന്ന് എം.എയും നേടിയതായും വിവരാവകാശ മറുപടിയിലുണ്ട്. അതേസമയം, സർവകലാശാല അനുവദിച്ച എൽഎൽ.ബി സർട്ടിഫിക്കറ്റിന്റെ പകർപ്പോ പരീക്ഷയുടെ മാർക്ക് ലിസ്റ്റോ സെക്ഷനിൽ സൂക്ഷിക്കുന്നില്ലെന്ന വിചിത്ര മറുപടിയും കേരള സർവകലാശാല നൽകി. ശരിയായ യോഗ്യത രേഖകൾ സമർപ്പിക്കാത്തതിനാൽ എം.എ പരീക്ഷ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.
ലയോള കോളജിൽ നാലാം സെമസ്റ്റർ വിദ്യാർഥിയായിരിക്കെ 2014ൽ കേരള യൂനിവേഴ്സിറ്റി സെനറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുഴുവൻ സമയ വിദ്യാർഥികൾക്ക് മാത്രമേ സെനറ്റിലേക്ക് മത്സരിക്കാനാവൂവെന്ന നിയമം നിലനിൽക്കെയാണ് ഹൈകോടതിയിൽ എൻറോൾ ചെയ്ത അതേവർഷം തന്നെ സെനറ്റംഗമായതെന്നും രേഖകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.