വ്യാജ ലോട്ടറി: സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: എഴുത്തു ലോട്ടറി സംസ്ഥാനത്ത് വ്യാപകമാകുന്നതിന് പിന്നിൽ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെയും ബിനാമികളുടെയും സാന്നിധ്യമുണ്ടോയെന്ന് സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. വ്യാജ ലോട്ടറി വ്യാപകമാകുന്ന വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാജ ലോട്ടറിയുടെ കടന്നുകയറ്റം കേരളത്തിൽ വ്യാപകമാണെന്നും ഏജന്‍റുമാർക്ക് താൽപര്യം എഴുത്തു ലോട്ടറിയോടാണെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷകാലം കേരളത്തിൽ നിന്ന് കെട്ടുകെട്ടിയ ലോട്ടറി മാഫിയ വീണ്ടും പ്രവർത്തനം വ്യാപിക്കാനുള്ള ശ്രമത്തിലാണ്. ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർക്കും മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ സംഘവുമായി ബന്ധുണ്ടോയെന്ന് സംശയമുണ്ട്. നാലുമാസമായി സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം സംസ്ഥാനത്ത് സജീവമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് വ്യാജ ലോട്ടറി വ്യാപനം തടയാൻ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു. ഉന്നതതല ദൗത്യസംഘത്തിന്‍റെ പ്രവർത്തനം ശക്തമാക്കും. വ്യാജ ലോട്ടറി വിതരണം ചെയ്യുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും. വ്യാജ ലോട്ടറി സംബന്ധിച്ച് 600 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 24 കേസുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. എഴുത്തു ലോട്ടറി വ്യാപകമാകുന്നതിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വ്യാജലോട്ടറിക്ക് പിന്നിൽ സാന്‍റിയാഗോ മാർട്ടിനും സംഘവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കണ്ണൂരിലെ ഒരു ലോട്ടറി ഏജന്‍റാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. വ്യാജ ലോട്ടറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്നത് പെറ്റി കേസുകളാണ്. ലോട്ടറി ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാറിന്‍റെ വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞ പ്രതിപക്ഷം വോക്കൗട്ട് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാതെ സഭാ നടപടികളുമായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.