ബ്ലാക്ക്മാൻ ഇറങ്ങിയെന്ന് വാട്സ്ആപ്പിൽ വ്യാജ പ്രചരണം: മുക്കത്ത് യുവാവ് അറസ്റ്റിൽ
text_fieldsമുക്കം: ബ്ലാക്ക്മാൻ ഇറങ്ങിയെന്ന് വാട്സ്ആപ്പ് വഴി മുക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വ്യാജ പ്രചരണം നടത്തി ഭീതി പടർത്തിയ യുവാവിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. മുത്തേരി സ്വദേശി രാഗേഷിനെയാണ് (34) മുക്കം സി.ഐ ബി.കെ. സിജു വിെൻറ നേതൃത്വത്തിലുള്ള പൊലീസിെൻറ സൈബർ വിഭാഗം വലയിലാക്കിയത്. നഗരസഭയിലെ നീലേശ്വരം, മുത്തേരി, മണാശ്ശേരി, പൊറ്റശ്ശേരി തുടങ്ങി ഒട്ടേറെ ഗ്രാമപ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഇറങ്ങിയിട്ടുണ്ടെന്നും പിടികൂടിയതായുമാണ് യുവാവ് വ്യാജ സന്ദേശങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടുകൂടി മുത്തേരി ഭാഗത്തെ ഒരുവീട്ടിൽ കയറിയ ബ്ലാക്ക്മാനെ നാട്ടുകാരും മുക്കം പോലീസും ചേർന്ന് പിടികൂടിയെന്നാണ് ഇയാൾ സ്വന്തം ശബ്ദത്തിൽ പ്രചരിപ്പിച്ചത്.
വാർത്ത നാട്ടിലെ വിവിധ ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ പ്രദേശത്തേക്ക് ആളുകൾ കൂട്ടമായെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പോലീസ് വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ജനങ്ങളെ പ്രദേശത്തു നിന്ന് പറഞ്ഞയച്ചു. ശേഷം അന്വേഷണം ആരംഭിച്ച പൊലീസ് വ്യാജ സന്ദേശത്തിെൻറ ഉറവിടം മനസിലാക്കുകയും തിങ്കളാഴ്ച്ച രാവിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സന്ദേശം മായ്ച്കളഞ്ഞ് ഉറവിടം കണ്ടെത്താതിരിക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് ഇവ റിക്കവർ ചെയ്തെടുക്കുകയായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളുകളെയും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടും അതുതടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത വാട്സാപ്പ് ഗ്രൂപ്പ് അഡ്‌മിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കുമെന്നും കോവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സന്ദേശം പ്രചരിപ്പിച്ച പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കേരള പോലീസ് ആക്ട് 118 (ബി) പ്രകാരം മൂന്നുവർഷം വരെ തടവും 10,000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റവും കൂടാതെ ഐ.ടി ആക്ട് പ്രകാരവുമുള്ള കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്. എസ്.ഐ കെ. ഷാജിദ്, എ.എസ്.ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, എം. അരുൺ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.