രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ നടക്കുമ്പോൾ കേരളത്തിൽ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം
text_fieldsതിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് സംഘ് പരിവാർ അനുകൂല മാധ്യമങ്ങളുടെ പ്രചരണം. അന്ന് ടി.വി ഓണാക്കരുതെന്ന് സി.പി.എം നേതാവും മുൻ എം.പിയുമായി പി.കെ. ബിജു ജനങ്ങളോട് അഭ്യർത്ഥിച്ചതായും ഉത്തരേന്ത്യയിലടക്കം വ്യാപകമായി പ്രചരിക്കുന്നു.
കേരള ഇലക്ട്രിസിറ്റി ബോർഡ് അന്നേ ദിവസം പ്രധാന അറ്റകുറ്റപ്പണി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിനാൽ കേരളത്തിലുടനീളം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് സ്കൂളുകളിൽ അധ്യാപകർ കുട്ടികൾക്ക് ബാബരി മസ്ജിദിന്‍റെ ചിത്രം കാണിച്ചു കൊടുക്കണമെന്ന് പി.കെ. ബിജു പറഞ്ഞതായും ഇതോടൊപ്പം വ്യാജ വാർത്ത പ്രചരിക്കുന്നു.
കാപിറ്റൽ ടി.വിയാണ് ഇത് ആദ്യം പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പിന്നാലെ സംഘ് പരിവാർ അനുകൂല മാധ്യമങ്ങൾ ഇത് ഏറ്റെടുത്തു. ഒ.പി.എൽ ഇന്ത്യ, ഹിന്ദു പോസ്റ്റ് തുടങ്ങിയവ ഈ പ്രചരണം ഏറ്റെടുത്തു.
അതേസമയം, താൻ ഇത്തരത്തിൽ പ്രസ്താവന നടത്തുകയോ ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്ന് പി.കെ. ബിജു പ്രതികരിച്ചു. ഇത് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചരണം തെറ്റാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചു.
കൂടാതെ, കെ.എസ്.ഇ.ബിയും പ്രതികരണവുമായി രംഗത്തെത്തി. ജനുവരി 22ന് സംസ്ഥാനത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ഇ.ബി പബ്ലിക് റിലേഷൻസ് ഓഫീസറും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.