വ്യാജവാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠപുസ്തകത്തില്‍; ബ്രിട്ടനുമുമ്പേ നടപ്പാക്കി കേരളം
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തരാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഭാഗമായി. ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രൈമറി പാഠ്യപദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
2022ല്‍ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചുമുതല്‍ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റല്‍ സാക്ഷരത പരിശീലനം കൈറ്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് യു.പി തലത്തിലെ 9.48 ലക്ഷം കുട്ടികള്‍ക്കും ഹൈസ്കൂളിലെ 10.24 ലക്ഷം കുട്ടികള്‍ക്കും രാജ്യത്താദ്യമായി പരിശീലനം നല്‍കിയത്.
‘സത്യമേവ ജയതേ’യുടെ അനുഭവം ഉള്‍ക്കൊണ്ടാണ് പുതിയ ഐ.സി.ടി പാഠപുസ്തകത്തില്‍ വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും തിരിച്ചറിയാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. അടുത്ത വര്‍ഷം ആറ്, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങള്‍ മാറുമ്പോള്‍ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍കൂടി അതിലുള്‍പ്പെടുത്തും.
വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്ക്രീന്‍ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ‘ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍’ എന്ന അധ്യായത്തിലുണ്ട്.
ഏഴാം ക്ലാസിലെ ‘തിരയാം, കണ്ടെത്താം’ എന്ന അധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതും കുറ്റകരമാണെന്ന് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.