കള്ളനോട്ട് നിർമാണവും വിതരണവും തുടങ്ങിയിട്ട് രണ്ടുമാസം, കമ്പം മേട്ടിലെ 'നോട്ടടി ശാല'യിൽനിന്ന് യന്ത്രവും പിടിച്ചെടുത്തു
text_fieldsനെടുങ്കണ്ടം: കമ്പംമെട്ട് അതിർത്തി ചെക്പോസ്റ്റിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ കമ്പംമെട്ട് പൊലീസ് തമിഴ്നാട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പിടിയിലായ പ്രതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണസംഘം തമിഴ്നാട്ടിൽ പരിശോധന നടത്തിയത്.
കോയമ്പത്തൂരിൽ വിശദ അന്വേഷണം നടത്തിവരുകയാണ് പൊലീസ്. കേസിൽ റിമാൻഡിലായിരുന്ന മലയാളിയടക്കം ആറംഗസംഘത്തെ കൂടുതൽ തെളിവെടുപ്പിനായി കമ്പംമെട്ട് പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. സംസ്ഥാനന്തര കള്ളനോട്ട് വിതരണ സംഘത്തിലെ കണ്ണികളാണ് കമ്പംമെട്ടിൽ പിടിയിലായത്.
വിൽപനക്കെത്തിക്കുന്ന പൂക്കളുടെ ഇടയിലാണ് കള്ളനോട്ട് ഒളിപ്പിച്ചിരിക്കുന്നതെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയത്. എന്നാൽ, ഇവർ സഞ്ചരിച്ച വാഹനത്തിെൻറ മുകൾഭാഗത്തെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ ഒരുലക്ഷവും സംഘത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കിൽനിന്ന് രണ്ടുലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു.സംഘം കള്ളനോട്ട് വ്യാപകമായി മാറിയെടുത്തതായി സംശയിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾക്കായി തമിഴ്നാട് കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരുകയാണ്. പിടിയിലായവരിൽ അഞ്ചുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ മലയാളിയുമാണ്.
തമിഴ്നാട്ടിൽനിന്ന് കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ഇടുക്കി നാർകോട്ടിക് ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ചിന്നമന്നൂർ മഹാരാജൻ (32),കോയമ്പത്തൂർ സ്വദേശി ചുരുളി (32), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) കുമളി സ്വദേശി സെബാസ്റ്റ്യൻ (42),എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നോട്ടടിക്കാൻ ഉപയോഗിക്കുന്ന െമഷീനും പേപ്പറും പിടിച്ചെടുത്തു
നെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റായ കമ്പംമെട്ടിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിലെ റിമാൻഡ് പ്രതികളുമായി പൊലീസ് തമിഴ്നാട്ടിൽ നടത്തിയ തെളിവെടുപ്പിൽ നോട്ടടിക്കാൻ ഉപയോഗിക്കുന്ന മൂന്നരലക്ഷം രൂപയുടെ മെഷീനും അച്ചടിക്കാനുള്ള പേപ്പറും പിടിച്ചെടുത്തു.
ആറംഗ സംഘത്തിലെ ചിന്നമന്നൂർ സ്വദേശി മഹാരാജെൻറ വീട്ടിൽനിന്നുമാണ് ഇവ കണ്ടെടുത്തത്. പ്രതികളുമായി കഴിഞ്ഞ ശനിയാഴ്ച മുതൽ അന്വേഷണസംഘം തമിഴ്നാട്ടിലെ കോയമ്പത്തൂർ, തേനി, വീരപാണ്ടി, ഉത്തമപാളയം, കുമളി, കമ്പം എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.
കള്ളനോട്ട് നിർമാണവും വിതരണവും തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടതായി ഇവർ പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് നോട്ട് വിതരണം നടത്താൻ ഏജൻറുമാരെ നിയോഗിച്ചിരുന്നതായും പ്രതികൾ വ്യക്തമാക്കി.
അച്ചടിച്ച നോട്ട് വിതരണം ചെയ്ത ഏജൻറുമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മലയാളിയടക്കം ആറംഗ സംഘത്തെ അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം ചൊവ്വാഴ്ച തിരികെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.