ഡോക്ടറുടെ പ്രൊഫൈല്‍ ഫോട്ടോ വെച്ച് വ്യാപക തട്ടിപ്പുമായി യുവാവ്
text_fieldsവേങ്ങര (മലപ്പുറം): ഡോക്ടറുടെ ഫോട്ടോ പ്രൊഫൈലാക്കി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക തട്ടിപ്പ്. കോഴിക്കോട് കൈതപൊയില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഓഫിസറും കോവിഡ് ജില്ല നോഡല്‍ െട്രയിനറുമായ ഡോ. പി.എം. ഉസ്മാെൻറ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചാണ് വേങ്ങര കുറ്റൂർ സ്വദേശിയായ യുവാവിെൻറ തട്ടിപ്പ്. സമൂഹത്തിലെ അറിയപ്പെടുന്നവരുമായാണ് ഈ ഫോട്ടോ ഉപയോഗിച്ച് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. തിരൂരിലെ ഒരു നഗരസഭ കൗണ്‍സിലറെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം ലോക്ഡൗണില്‍ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു.
വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ ശ്രദ്ധേയയായ അധ്യാപികയെയും ഇയാള്‍ ഇതേ രീതിയില്‍ കബളിപ്പിച്ചു. ലാപ്ടോപ്, പ്രൊജക്ടറുകള്‍ തുടങ്ങിയവ നല്‍കാമെന്നായിരുന്നു ഇവര്‍ക്ക് നല്കിയ വാഗ്ദാനം. ഫേസ്ബുക്കിൽ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റുമായി ഡോ. പി.എം. ഉസ്മാൻ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ സ്ത്രീകളടക്കം പലരെയും കബളിപ്പിച്ചത്. ഡോക്ടറുടെ ഫോട്ടോ വെച്ച് ഖത്തറിലെ വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ ഖത്തറിലുള്ള ബന്ധുവാണ് വിവരം നാട്ടിലറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ ഡോ. അമന്‍സ് അര്‍ഷദ് എന്ന പേരിലാണ് വിക്ടേഴ്സ് ചാനലിലെ അധ്യാപികയെ പരിചയപ്പെട്ടത്. സംശയം തോന്നിയ അധ്യാപിക കൂടുതല്‍ ഫോട്ടോ ആവശ്യപ്പെട്ടു. ഡോക്ടര്‍ ഉസ്മാെൻറ ഫോട്ടോകള്‍ നൽകിയാണ് വിശ്വസ്തത നേടാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു ഫോട്ടോയിലുള്പ്പെട്ട, പരിചയമുള്ള മറ്റൊരു ഡോക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്തരമൊരു ഡോക്ടറില്ലെന്നും ഡോ. ഉസ്മാെൻറ ഫോട്ടോ ഉപയോഗിച്ച് കബളിപ്പിക്കുകയാണെന്നും വ്യക്തമായത്. ഇതോടെ അധ്യാപിക ഡോക്ടറെ വിവരമറിയിച്ചു.
ഡോ. ഉസ്മാന് തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ സൈബര്‍സെല്‍ തിരിച്ചറിഞ്ഞതായി രണ്ടാഴ്ച മുമ്പ് പൊലീസ് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നുമില്ല. ഡോ. ഉസ്മാന് ഡി.ജി.പിക്കും എസ്.പിക്കും പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.