അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി: വിദ്യാർഥിനിയുടെ മാതാവും അധ്യാപകരുമടക്കം നാലുപേർക്കെതിരെ കേസ്
text_fieldsകണ്ണൂർ: സ്കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി. കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.ജി. സുധിക്കെതിരായ പോക്‌സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഗൂഢാലോചനക്ക് നേതൃത്വം നൽകിയ അധ്യാപകരും വിദ്യാർഥിനിയുടെ മാതാവും അടക്കം 4 പേർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ, സഹ അധ്യാപകൻ സജി, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, പരാതിക്കാരിയായ വിദ്യാർഥിനിയുടെ മാതാവ് എന്നിവർക്കെതിരെയാണ് കേസ്.
2022 ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസിൽ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. വിദ്യാർത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. ഒരുവിദ്യാർഥിനിയുടെ മാതാവാണ് പരാതി നൽകിയത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതാണെന്ന് കണ്ടെത്തി. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നൽകിയ കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തതെന്ന് എടക്കാട് സി.ഐ പറഞ്ഞു.
അതേസമയം പോക്സോ കേസ് അവസാനിപ്പിച്ചിട്ടും അധ്യാപകന്റെ സസ്പെൻഷൻ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇദ്ദേഹം അടുത്ത വർഷം സർവിസിൽനിന്ന് വിരമിക്കാനിരിക്കെയാണ് കള്ളക്കേസിൽ കുടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.