ഇ.പി. ജയരാജന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പേരിൽ പ്രചരിക്കുന്നത് വ്യാജപോസ്റ്റർ
text_fieldsകോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പേരിൽ 'മാധ്യമ'ത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജപോസ്റ്റർ. മെസ്സിയെ കുറിച്ച് പറയുന്നതിനിടെ ജയരാജന് സംഭവിച്ച നാക്കുപിഴയെ പരിഹസിച്ചാണ് പോസ്റ്റർ.
'ഇ.പിയുടെ നല്ലമനസ്സിന് നന്ദി, പക്ഷേ ഞാൻ ഒരിക്കലും വേൾഡ് കപ്പ് ആഗ്രഹിച്ചിട്ടില്ല -മേഴ്സിക്കുട്ടിയമ്മ' എന്നാണ് വ്യാജ പോസ്റ്ററിൽ പറയുന്നത്. ഇ.പി. ജയരാജന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും ഫോട്ടോ സഹിതമാണ് ഇത് നിർമിച്ചിരിക്കുന്നത്. മാധ്യമത്തിന്റെ ലോഗോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'മേഴ്സി' കപ്പും കൊണ്ടേ പോകൂവെന്ന് ഇ.പി ജയരാജൻ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു. മെസ്സി എന്നതിന് പറയുന്നതിന് പകരമാണ് മേഴ്സി എന്ന് പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാജപോസ്റ്റർ ഇറക്കിയിരിക്കുന്നത്.
''മേഴ്സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്‌ബാൾ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മേഴ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകൾ ഉയർന്നുവരട്ടെ'' എന്നായിരുന്നു മീഡിയവൺ ലോകകപ്പ് പ്രത്യേക പരിപാടിയായ 'പന്തുമാല'യിൽ ജയരാജൻ പറഞ്ഞത്.
'അർജന്റീനയാണ് നമ്മുടെ ടീം. അർജന്റീന ഫുട്‌ബാൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവെച്ചിട്ടുള്ള ടീമാണ്. തുടർച്ചയായി കായികപ്രേമികൾക്ക് നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതകളുമാണ് ജനങ്ങളെ അവരിലേക്ക് ആകർഷിപ്പിച്ചത്.
ചെറുപ്പത്തിൽ ഞാൻ നന്നായി ഫോർവേഡ് കളിച്ചിട്ടുണ്ട്. ശാരീരികമായുള്ള കളരിയഭ്യാസം ഫുട്ബാൾ മേളക്ക് വളരെ വളരെ സഹായകമാണ്. ഗ്രൗണ്ടിൽ കിടക്കുന്ന ബാൾ വളരെ അനായാസേന എതിരാളികളുടെ കൈയിൽനിന്ന് മറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകാനും ശരീരത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കും കളരിയഭ്യാസം വളരെ സഹായകമാണ്. മറഡോണയുടെ ഫുട്‌ബാൾ രീതി എതിരാളികളെ കവച്ചുവെച്ച് ഓടി മുന്നോട്ടെത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണത്.
കേരള രാഷ്ട്രീയം ഒരു ഫുട്ബാൾ മൈതാനമാണെങ്കിൽ താൻ ഫോർവേഡായിരിക്കും. പ്രതിരോധിക്കലല്ല, കടന്നടിച്ച് മുന്നേറും. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച്, അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്‌ബാൾ കളിയിൽനിന്ന് പിന്നോട്ടുവന്നു' എന്നും ഇ.പി ജയരാജൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.