ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണം: ആറുപേർക്കെതിരെ കേസ്
text_fieldsകോട്ടക്കൽ (മലപ്പുറം): മോഹന്‍ലാല്‍ ചിത്രമായ 'ആറാട്ട്' സിനിമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ആറുപേര്‍ക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കലിലെ ലീന തിയറ്റര്‍ മാനേജർ ഗിരീഷാണ് പരാതിക്കാരൻ.
ഫെബ്രുവരി 18നാണ് സിനിമ റിലീസ് ചെയ്തത്. സിനിമ പ്രദർശനത്തിനിടെ ആറ് യുവാക്കൾ ഉറങ്ങുന്നതും ലൂഡോ കളിക്കുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമ മോശമാണെന്നും കാണാൻ ആളില്ലെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണം. ഇത് സിനിമയെയും തിയറ്ററിനെയും അവഹേളിക്കുന്നെന്ന് കാണിച്ചാണ് പരാതി.
മറ്റൊരു സിനിമ പ്രദർശനത്തിനിടെ റെക്കോഡ് ചെയ്ത ഭാഗം മോഹൻലാൽ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്ന പടത്തിനെതിരെ വ്യാപക പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പിന്നാലെ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് കോട്ടക്കൽ പൊലീസ് കേസെടുത്തത്. വിദ്യാർഥികളാണ് കേസിൽ ഉൾപ്പെട്ടവരെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.