വ്യാജ കവര്‍ച്ച കേസ്: പൊളിച്ചടുക്കി പൊലീസ്
text_fieldsമാരാരിക്കുളം: കടം വാങ്ങിയ ഒന്നര ലക്ഷം തിരികെ നല്‍കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ ഉണ്ടാക്കിയ വ്യാജ കവര്‍ച്ച കേസ് പൊലീസ് പൊളിച്ചടുക്കി. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.ദേശിയപാതയോരത്ത് കണിച്ചുകുളങ്ങരയില്‍ ലോറി ഡ്രൈവറെ അടിച്ച് അബോധാവസ്ഥയിലാക്കി ഒന്നര ലക്ഷം രൂപ രണ്ടു യുവാക്കള്‍ കവര്‍ന്നുവെന്ന പരാതിയാണ് വ്യാഴാഴ്ച പുലര്‍ച്ചേ 3.30യോടെയാണ് മാരാരിക്കുളം പൊലീസിന് ലഭിച്ചത്. പൊലീസ് സംഘം കണിച്ചുകുളങ്ങരയില്‍ എത്തിയ ലോറി ഡ്രൈവര്‍ കൊല്ലം മങ്കട സ്വദേശി ആസിഫ് മുഹമ്മദിനെ (47) ആശുപത്രിയിലാക്കി.
പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.ചികിത്സ കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആസിഫില്‍ നിന്ന് മൊഴി എടുക്കുന്നതിനടയില്‍ ഉണ്ടായ പൊരുത്തക്കേടുകളാണ് സംശയത്തിന് ഇടയാക്കിയത്.ആസിഫിന്റെ ബന്ധു എറണാകുളം സ്വദേശി ഷാജി നല്‍കിയ ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് മൊഴി നല്‍കിയത്.ബുധനാഴ്ച ആലുവയില്‍ വച്ചാണ് പണം കൈമാറിയതെന്നാണ് ആസിഫ് പറഞ്ഞത്. പൊലീസ് ഷാജിയെ ബന്ധപ്പെട്ടപ്പോള്‍ പണം നല്‍കിയെന്ന വിവരം അറിയിച്ചു. എന്നാല്‍ നെട്ടൂരില്‍ വെച്ചാണ് പണം കൈമാറിയതെന്നാണ് ഷാജി പറഞ്ഞത്.തുടര്‍ന്ന് പോലീസ് ഇരുവരുടേയും ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ആസിഫ് മുഹമ്മദ് നാട്ടിലെ സുഹൃത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു.പണം വ്യാഴാഴ്ച മടക്കി നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്.എന്നാല്‍ മടക്കി നല്‍കാന്‍ പണം കിട്ടാതെ വന്നപ്പോള്‍ ആസിഫ് കളളകഥ മെനയുകയായിരുന്നു.മാരാരിക്കുളം പോലീസ് പ്രിന്‍സിപ്പാള്‍ എസ്.ഐ സിസില്‍ ക്രിസ്‌ററ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജഗദീഷ്,കവിരാജ്,ഹോംഗാര്‍ഡ് ബാബു എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനുളളില്‍ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. ആസിഫിനെയും ബന്ധു ഷാജിയേയും താക്കീത് നല്‍കി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.