വ്യാജ ട്രേഡിങ് ആപ്പ് തന്നെ ഉണ്ടാക്കി തട്ടിപ്പുകാർ, കാണിക്കുക വൻ ലാഭം, സംശയത്തിന് കസ്റ്റമർ കെയർ സർവിസ്; തിരിച്ചറിഞ്ഞപ്പോഴേക്കും നഷ്ടം 4.8 കോടി
text_fieldsകോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവസംരംഭകന് 4.8 കോടി രൂപ നഷ്ടമായ ഓഹരി വിപണി തട്ടിപ്പിൽ പുറത്തുവരുന്നത് തട്ടിപ്പുകാരുടെ വിപുലമായ പ്രവർത്തനരീതിയുടെ വിവരങ്ങൾ. കെണിയിൽ വീഴുന്നവരെ കബളിപ്പിക്കാനായി ട്രേഡിങ് ആപ്പ് തന്നെ വ്യാജമായി നിർമിച്ചാണ് പ്രവർത്തനം. സംശയങ്ങൾ ചോദിക്കാൻ കസ്റ്റമർ കെയർ സർവിസ്, സ്റ്റോക്ക് ടിപ്പ് നൽകാൻ വാട്സാപ്പ് ഗ്രൂപ്പ് എന്നിവയുമുണ്ട്. യഥാർഥ ഡിസ്കൗണ്ട് ബ്രോക്കർമാരുടെ ആപ്പുകളുടെ അതേരീതിയിലുള്ള വ്യാജ ആപ്പാണ് തട്ടിപ്പുകാരുടേത്. എന്നാൽ, നിക്ഷേപിക്കുന്ന തുകക്ക് വൻ ലാഭശതമാനമാണ് വ്യാജ ആപ്പിൽ കാണിക്കുക. ആദ്യമാദ്യം ചെറു തുകകൾ ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാനുമാകും. ഇതിന് പിന്നാലെയാണ് വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള തട്ടിപ്പ്.
വാട്സ്ആപ് വഴി ബന്ധപ്പെട്ട് 'ഗ്രോ' എന്ന ഓഹരിയിടപാട് ആപ്ലിക്കേഷൻ ആണെന്ന വ്യാജേന ഓഹരിയിടപാട് വഴിയും ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റർ മുഖാന്തരം പ്രാരംഭ പബ്ലിക് ഓഫർ (ഐ.പി.ഒ) വഴിയും കൂടുതല്‍ നിക്ഷേപം നടത്തി വന്‍തോതില്‍ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട്ടെ സംരംഭകനിൽനിന്ന് വൻ തുക തട്ടിയത്. സംഭവത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ മേയിലാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെടുന്നത്. വാട്സ്ആപ് വഴി ഓഹരിയിടപാട് സംബന്ധമായി ലഭിച്ച ഒരു സന്ദേശത്തിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശം പിന്തുടർന്നതോടെ ലിങ്ക് വഴി വാട്സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിച്ചു. അഡ്മിൻ പാനലിൽ ഉള്ള ഒരു നമ്പറിൽനിന്ന് ചീഫ് സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ഒരാൾ ബന്ധപ്പെട്ടു.
കൂടുതൽ വിവരങ്ങള്‍ക്കായി അയാളുടെ അസിസ്റ്റന്റിന്റെ നമ്പർ അയച്ചുകൊടുത്തു. അസിസ്റ്റന്റുമായി ബന്ധപ്പെട്ട പരാതിക്കാരന് ഗ്രോ എന്ന ഓഹരിയിടപാട് ആപ്ലിക്കേഷന്റെ ലോഗോയും അവരുടെ വെബ്സൈറ്റിന് സമാനമായ പേരുള്ള വെബ്സൈറ്റ് ലിങ്കും നൽകി. ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. അതിന്റെ ലോഗിൻ ഐ.ഡിയും പാസ്വേഡും വാട്സ്ആപ് വഴി അയച്ചുകൊടുത്തു.
ആപ്ലിക്കേഷൻ സംബന്ധമായ സംശയങ്ങൾ ചോദിക്കുന്നതിനായി കസ്റ്റമർ കെയർ നമ്പറുകളും നൽകി. വാട്സ്ആപ് ഗ്രൂപ്പില്‍ ഓഹരി വിപണി സംബന്ധമായ ടിപ്പുകള്‍ കൊടുക്കുകയും ചെയ്തിരുന്നു. വാട്സ്ആപ് നമ്പറുകള്‍ വഴി നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആവശ്യപ്പെട്ടപ്രകാരം പണം നിക്ഷേപിച്ചപ്പോള്‍ അത് ആപ്ലിക്കേഷനിൽ പ്രതിഫലിക്കുകയും, അതുപയോഗിച്ചു വാട്സ്ആപ് വഴി ലഭിച്ച ടിപ്പുകൾ പ്രകാരം ഓഹരിയിടപാട് നടത്തിയപ്പോൾ അതിന്റെ ലാഭം കാണിച്ചുകൊടുക്കുകയും ചെയ്തു. ലാഭത്തിൽ കുറച്ചു തുക പിൻവലിക്കാനും സാധിച്ചു.
വാട്സ്ആപ് ഗ്രൂപ്പില്‍ ലഭിക്കുന്ന ഓഹരി വിപണി സംബന്ധമായ ടിപ്പുകള്‍ യഥാർഥ ഓഹരി കമ്പോളത്തിൽ ട്രെൻഡിങ് ആയവയായതിനാൽ ആദ്യം സംശയമൊന്നുമില്ലായിരുന്നു. കൂടുതല്‍ നിക്ഷേപം നടത്തി വന്‍തോതില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പിന്നീട് വേറൊരു വാട്സ്ആപ് ഗ്രൂപ്പിൽ എത്തിച്ചു കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും പുതിയ ആപ്ലിക്കേഷൻ ലിങ്ക് നൽകുകയും ചെയ്തു. അതുവഴി വലിയ തുക നിക്ഷേപിച്ചതിൽ വലിയ ലാഭം കാണിച്ചു. പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതല്‍ തുക ലാഭത്തിൽ ആയാൽ മാത്രമേ സാധിക്കൂവെന്ന് അറിയിക്കുകയും വീണ്ടും നിക്ഷേപം നടത്താൻ വാട്സ്ആപ് വഴി നിർദേശിക്കുകയും ചെയ്തു. അങ്ങനെ ചെയ്തപ്പോൾ നികുതിയായി വലിയ തുക അടക്കാൻ നിർദേശിച്ചു. കൂടാതെ ആപ്ലിക്കേഷന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള സന്ദേശം വാട്സ്ആപ് വഴി നൽകുകയും ചെയ്തു. ഇതോടെ സംശയംതോന്നി 1930 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി രജിസ്റ്റർ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.