വ്യാജ ചികിത്സ നടത്തിയതിന് മോൻസണിനെതിരെ കെ. സുധാകരൻ പരാതി നൽകും
text_fieldsതിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ നിയമനടപടികളുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. കോസ്മറ്റോളജിസ്റ്റാണെന്ന പേരിൽ വ്യാജ ചികിത്സ നടത്തിയതിനാണ് മോൻസൺ മാവുങ്കലിനെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പരാതി നൽകുക. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികൾ സംബന്ധിച്ച് സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച പരാതിക്കാരൻ അനൂപിനെതിരെ മാനനഷ്ടക്കേസ് നൽകാനും സുധാകരൻ തീരുമാനിച്ചിട്ടുണ്ട്. മോൻസണിെൻറ പുരാവസ്തു ശേഖരമുള്ള കലൂർ ആസാദ് റോഡിലെ വീട്ടിൽ സുധാകരൻ പലപ്പോഴും വന്നുപോയിട്ടുണ്ടെന്ന പരാതി ഉന്നയിച്ചത് അനൂപ് ആയിരുന്നു.
ഡോക്ടറെന്ന നിലയിലാണ് പരിചയമുള്ളതെന്നും ത്വക്ക് ചികിത്സക്കായാണ് മോൻസണിന്റെ കൊച്ചിയിലെ വസതിയിൽ പോയതെന്നുമാണ് സുധാകരൻ പറഞ്ഞത്. മോൻസണെ കണ്ടതും ചികിത്സ നടത്തിയതും സത്യമാണെന്നും ചികിത്സക്കായി അഞ്ച് ദിവസം വീട്ടിൽ പോയിരുന്നുവെന്നും സുധാകരൻ സമ്മതിച്ചിരുന്നു. എന്നാൽ, അസുഖം ഭേദമായില്ലെന്നും വ്യാജ ചികിത്സക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
മോൻസണുമായി ബന്ധപ്പെട്ട ഡൽഹിയിലെ 'ഫെമ' കേസിൽ കെ. സുധാകരൻ എം.പിയും ഇടപെട്ടതായി പരാതിക്കാരനായ അനൂപ് മൊഴി നൽകിയിരുന്നു. ഫെമ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം വേണമെന്ന് മോൻസൺ ആവശ്യപ്പെട്ടു.
സുധാകരെൻറ നേതൃത്വത്തിൽ പാർലമെന്റിന്റെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും അതിനാണ് അടിയന്തരമായി പണം വേണ്ടതെന്നും എം.പിയോട് നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്താമെന്നും പറഞ്ഞു. 2018 ഡിസംബർ 22ന് കലൂരിലെ വീട്ടിലെത്തി എം.പിയുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തു. ഡൽഹിയിലെ ഫെമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉടൻ പരിഹരിക്കാമെന്ന് എം.പി അവിടെവെച്ച് ഉറപ്പുനൽകി. എം.പിയുടെ സാന്നിധ്യത്തിൽ അനൂപ് 25 ലക്ഷം കൈമാറുകയും ചെയ്തതായി അനൂപിന്റെ പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.