കള്ളവോട്ട്: തൃക്കരിപ്പൂരിൽ സി.പി.എം പ്രവർത്തകനെതിരെ കേസെടുക്കും
text_fieldsകാസർകോട്: കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ 48ാം ബൂത്തിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ സി.പി.എം പ്രവർത്തകൻ ചീമേനി കാരക്കാട് കുതിരുകാരൻ വീട്ടിൽ കെ. ശ്യാംകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കലക്ടർ ചീമേനി പൊലീസിന് നിർദേശം നൽകി. ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാം മീണയുടെ നിർദേശ പ്രകാരമാണ് നടപടി. പുതിയങ്ങാടി കള്ളവോട്ട് സംഭവത്തിൽ ജില്ല കലക്ടർ ഡി.സജിത്ബാബു ചീഫ് ഇലക്ടറൽ ഒാഫിസർക്ക് റിപ്പോർട്ട് നൽകി. ശ്യാംകുമാറിന് വോട്ടുചെയ്യാൻ സാഹചര്യമൊരുക്കിയ പോളിങ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്താൻ നിർദേശമുണ്ട്.
കൂളിയാട് ഹൈസ്കൂളിൽ 674നമ്പർ വോട്ടർ ശ്യാംകുമാർ രണ്ടുതവണ വോട്ട് ചെയ്തതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. കലക്ടറുടെ റിപ്പോർട്ട് പ്രകാരം, ശ്യാംകുമാർ വൈകീട്ട് 6.20നും 7.26നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ബൂത്തിലെ തിരക്കുകാരണം വോട്ടിങ് വേഗത്തിലാകാൻ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ശ്യാംകുമാർ രണ്ടുതവണയും മഷി പുരട്ടിയത്. എല്ലാസമയത്തും നാലോ അഞ്ചോ പോളിങ് ഏജൻറുമാർ ഈ പോളിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിർത്തില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
പിലാത്തറയിൽ കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയ സന്ദർഭത്തിൽ തന്നെയാണ് ചീമേനിയിലും തെളിഞ്ഞത്. എന്നാൽ, പിലാത്തറയിൽ കേസെടുത്തുവെങ്കിലും ചീമേനിയിൽ കേസെടുത്തില്ല എന്നത് വിവാദമായിരുന്നു. കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ നൽകിയ നിർദേശത്തിനൊപ്പം കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം തുടർനടപടികൾക്കായി റിപ്പോർട്ട് നൽകാനും കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. ശ്യാംകുമാറിനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 171 സി, ഡി.എഫ് പ്രകാരവും പോളിങ് ഉദ്യോഗസ്ഥർക്കെതിരെ സെക്ഷൻ 134 പ്രകാരവുമാണ് നടപടി.
മീഡിയവൺ ചാനൽ ഉൾെപ്പടെ രണ്ട് ചാനലുകളുടെ വാർത്തകളാണ് റിപ്പോർട്ടിനൊപ്പം സി.ഇ.ഒക്ക് സമർപ്പിച്ചത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ 69, 70 ബൂത്തുകളിൽ കള്ളവോട്ടു ചെയ്തുവെന്ന പരാതിയിൽ മൂന്നുപേരിൽ നിന്നും കാസർകോട് കലക്ടർ മൊഴിയെടുത്തു. ആരോപണ വിധേയനായ ഫായിസ് രണ്ടുതവണയാണ് ബൂത്തിൽ കയറിയത്. കള്ളവോട്ട് ചെയ്തുവെന്നതിനുള്ള ദൃശ്യങ്ങൾ ഫായിസിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫായിസ് അംഗീകരിച്ചില്ല. എന്നാൽ, കലക്ടർ ദൃശ്യങ്ങൾ ചേർത്ത് ഫായിസിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 69ൽ രണ്ടുതവണ പ്രവേശിച്ച ആഷിഖ്, താൻ ബൂത്തിൽ പ്രവേശിച്ച ശേഷം തിരിച്ചിറങ്ങി തിരിച്ചറിയൽ രേഖയെടുക്കാൻ വീട്ടിലേക്ക് പോയതായിരുന്നുവെന്നാണ് മൊഴി നൽകിയത്. കള്ളവോട്ട് ചെയ്തില്ല എന്ന് ആഷിഖ് പറഞ്ഞു. 69ാം നമ്പർ ബൂത്തിൽ പ്രവേശിച്ച മുഹമ്മദിൽ നിന്നും മൊഴിയെടുത്തു. എം.എസ്.എഫ് മുൻ സംസ്ഥാന ഭാരവാഹി അബ്ദുൾ സമദ് വോട്ടുചെയ്ത ഉടൻ ഗൾഫിൽ പോയതിനാൽ കലക്ടറുടെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.