കള്ളവോട്ട്: പരാതിയിൽ കണ്ണുതള്ളും വിവരങ്ങൾ
text_fieldsകണ്ണൂർ: കണ്ണൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിലെ വിവരങ്ങൾ കണ്ണുതള്ളിക്കുന്നത്. പരിശോധനയിൽ വസ്തുതകൾ ബോധ്യപ്പെടുകയാണെങ്കിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള വ്യക്തമായ സൂചനകളായി ഇവ വ്യാഖ്യാനിക്കപ്പെടും. ആയിരക്കണക്കിന് കള്ളവോട്ടുകൾ നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇവയിൽതന്നെ വ്യക്തമായ തെളിവുകളുള്ളതും ഒറ്റേനാട്ടത്തിൽ മനസ്സിലാകുന്നതുമായ വോട്ടുകളെക്കുറിച്ചുള്ള പരാതികളാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനും ജില്ല കലക്ടർക്കും നൽകിയത്. വ്യാപകമായി ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുകയും ഒരാൾതന്നെ ഒന്നിലധികം വോട്ടുചെയ്യുന്നതും പരാതിയിലുണ്ട്. പ്രായപൂർത്തിയാകാത്തവരും വോട്ട് ചെയ്തെന്നും പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം അസംബ്ലി നിയോജകമണ്ഡലത്തിൽ മൊത്തം 22 പേർക്കെതിരെയാണ് പരാതി നൽകിയത്. ഇതിൽ ആറുപേർ സ്ത്രീകളാണ്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമുൾപ്പെടുന്നു. ഇതിൽതന്നെ പിതാവിെൻറ വോട്ട് മകൻ രേഖപ്പെടുത്തുകയും വിദേശത്തുള്ള ജ്യേഷ്ഠെൻറ വോട്ട് അനിയൻ ചെയ്യുകയും ചെയ്തു. പേരാവൂർ നിയോജക മണ്ഡലത്തിൽനിന്ന് 35 പേർക്കെതിരെയാണ് പരാതി നൽകിയത്. ഇൗ മണ്ഡലത്തിൽ ബൂത്ത് നമ്പർ 70ലെ 199 ക്രമനമ്പറായ സി. അഖിൽ എന്ന വോട്ടർ സ്വന്തം വോട്ട് ഉൾപ്പെടെ അഞ്ചു വോട്ടുകൾ ചെയ്തു. അഖിൽകൃഷ്ണ എന്നയാൾ സ്വന്തം വോട്ട് ഉൾപ്പെടെ നാലു വോട്ടും സനോജ് എന്നയാൾ മൂന്നു വോട്ടും ചെയ്തു. കൂടാതെ വിനയൻ, അശ്വിൻ എന്നിവർ സ്വന്തം വോട്ട് ഉൾപ്പെടെ മൂന്നു വോട്ടുകൾ വീതംചെയ്തു.
തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിൽ 77 പേർക്കെതിരെയാണ് പരാതി നൽകിയത്. അതിൽ 17 പേർ സ്ത്രീകളാണ്. അതിൽ വിജയ് എന്നുപറയുന്ന 193ാം നമ്പർ ബൂത്തിലെ വോട്ടറുടെയും 192ാം നമ്പർ ബൂത്തിലെ ഇ.വി. അക്ഷയ് എന്ന വോട്ടറുടെയും വോട്ടുകൾ കള്ളവോട്ട് ചെയ്തത് 18 വയസ്സ് തികയാത്തയാളാണ്. 172ാം നമ്പർ ബൂത്തിലെ വോട്ടറായ ജിനിത്ത് പനച്ചിക്കൽ സ്വന്തം വോട്ട് ഉൾപ്പെടെ അഞ്ചു വോട്ട് ചെയ്തു. അദ്ദേഹത്തിെൻറ സഹോദരി ആര്യ പനച്ചിക്കൽ സ്വന്തം വോട്ട് ഉൾപ്പെടെ മൂന്നു വോട്ടും രേഖപ്പെടുത്തി. കുറ്റ്യേരി വില്ലേജിലെ അഞ്ചാം നമ്പർ ബൂത്തിൽ കെ.എ. മാലതിയുടെ വോട്ട് ചെയ്തത് നേരത്തെ പരിയാരം പഞ്ചായത്ത് അംഗമായിരുന്ന നളിനി ശിവനാണ്. മട്ടന്നൂർ നിയോജകമണ്ഡലത്തിൽ 65 കള്ളവോട്ടുകൾക്കെതിരെയാണ് പരാതി നൽകിയത്. അതിൽ 11 പേർ സ്ത്രീകളാണ്. ബൂത്ത് നമ്പർ 153 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത എ. ബാലകൃഷ്ണൻ എന്നയാൾക്ക് അതേ ബൂത്തിൽ 917, 918 ക്രമനമ്പറുകളിലായി രണ്ടു വോട്ടുകൾ ഉണ്ടായിരുന്നു. ബൂത്ത് നമ്പർ 79ലെ വോട്ടറായ വി.കെ. ആയനക്ക് ധർമടം നിയോജകമണ്ഡലത്തിലെ 48ാം നമ്പർ ബൂത്തിൽ 723 ക്രമനമ്പർ ആയി വോട്ടുണ്ട്. ഇൗ വോട്ടുകെളല്ലാം ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.