കള്ളവോട്ട്: നാല് ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ്
text_fieldsതിരുവനന്തപുരം: കള്ളവോട്ട് തെളിഞ്ഞ നാല് ബൂത്തിൽ ഞായറാഴ്ച വീണ്ടും വോെട്ടടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. കാസർകോട് ലോക്സഭ മണ്ഡലത്തിലെ മൂ ന്നും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് വീണ്ടും വോെട്ടടുപ്പ്. കാസർകോട്ട് കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ് നോർത്ത് ബ്ലോക്ക്, ബൂത്ത് നമ്പർ 70 ജമാഅത്ത് എച്ച്.എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവയിലുമാണ് വീണ്ടും വോെട്ടടുപ്പ്. കള്ളവോട്ട് സ്ഥിരീകരിക്കുകയും അതിെൻറ പേരിൽ വോെട്ടടുപ്പ് റദ്ദാക്കി വീണ്ടും വോെട്ടടുപ്പ് നടത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
നാല് ബൂത്തിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. പരസ്യ പ്രചാരണം വെള്ളിയാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. കർശന സുരക്ഷ നടപടികളാണ് കമീഷൻ ഏർപ്പെടുത്തുക. കമീഷൻ നടപ്പാക്കിയ വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ പകർത്തിയ ദൃശ്യങ്ങളിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്.
റിട്ടേണിങ് ഓഫിസർമാരായ കലക്ടർമാരുടെ റിപ്പോർട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും ജനറൽ ഒബ്സർവറുടെയും റിപ്പോർട്ടും മറ്റു തെളിവുകളും വിശകലനം ചെയ്താണ് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യനിയമം 1951ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് നടപടി.
കണ്ണൂര് ജില്ലയിലെ പിലാത്തറ യു.പി സ്കൂളിലെ ബൂത്തില് നടന്ന കള്ളവോട്ടിെൻറ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. സി.പി.എമ്മിനെതിരെയായിരുന്നു ആരോപണം. തുടർന്ന് ഇടത് മുന്നണിയും യു.ഡി.എഫിനെതിരെ കള്ളേവാട്ട് ആരോപണം ഉന്നയിച്ചു. പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകൾ, പാമ്പുരുത്തി എന്നിവിടങ്ങളിൽ ലീഗിനെതിരെയായിരുന്നു ആരോപണം. ഇതുവരെ 20 കള്ളവോട്ടുകൾ കമീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. 17 കേസ് രജിസ്റ്റർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.