ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്; നടപടി എം.എ യൂസഫലിക്കും അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണ കേസിൽ
text_fieldsപ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ ‘മറുനാടൻ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്. ലഖ്നോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. ലഖ്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി നടപടി. നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയ ശേഷം ഹാജരാകാത്തതിനാലാണ് വാറണ്ട് അയച്ചത്. തന്നെ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി.
നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എൻ.വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഷാജൻ സ്‌കറിയ വിഡിയോയിൽ ആരോപിച്ചിരുന്നത്. ഇതിൽ, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
ഷാജൻ സ്കറിയ ചെയ്ത രണ്ട് വിഡിയോകളിലെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ അപകീർത്തികരവും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് നേരത്തെ നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.