കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണം: മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു
text_fieldsആലുവ: മൊഫിയ പർവീൻ ആത്മഹത്യക്കേസും തുടർന്നുള്ള തീവ്രവാദ ആരോപണസംഭവത്തിലും മുഖ്യമന്ത്രി പൊലീസിനോട് അതൃപ്തി അറിയിച്ചതായി സൂചന. പാർട്ടി ജില്ല സമ്മേളനങ്ങൾ അടക്കം നടക്കുന്ന സന്ദർഭത്തിൽ കൂടുതൽ വിവാദങ്ങളുണ്ടാക്കരുതെന്ന താക്കീതും നൽകിയതായാണ് വിവരം.
മൊഫിയ സംഭവവുമായി ബന്ധപ്പെട്ട് സി.ഐയെ സസ്പെൻഡ് ചെയ്യാൻ വൈകിയത് സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിരുന്നു. കോൺഗ്രസ് ജനപ്രതിനിധികളുടെയടക്കം പ്രതിഷേധങ്ങളെ തുടർന്നാണ് സി.ഐയെ സസ്പെൻഡ് ചെയ്തതെന്ന നിലയിൽ പ്രതിപക്ഷത്തിന് മേൽക്കൈ ലഭിക്കുകയും ചെയ്തു. ഇതിനിടയാണ് പ്രതിഷേധം നയിച്ച കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദബന്ധമുണ്ടെന്ന വിവാദ പരാമർശം പൊലീസിെൻറ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായത്. ഇത് സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി. അതേതുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം റൂറൽ എസ്.പിയോട് മുഖ്യമന്ത്രി വിശദീകരണം തേടുകയും തെൻറയും സർക്കാറിെൻറയും അതൃപ്തി അറിയിക്കുകയും ചെയ്തു. ജില്ല സമ്മേളനത്തിൽ ഉയർന്നുവരാനുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടി കണക്കാക്കി സംഭവവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു.
ഒരു സമുദായത്തിൽപെട്ട കോൺഗ്രസ് പ്രവർത്തകർക്കുനേരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത് സർക്കാറിെൻറയും പൊലീസിെൻറയും സംഘ്പരിവാർ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന തരത്തിലായിരുന്നു പൊതുവിമർശനം. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയിക്കുന്നു എന്നായിരുന്നു പൊലീസിെൻറ റിപ്പോർട്ട്. ഈ റിപ്പോർട്ട് അടക്കം മുഖ്യമന്ത്രി പരിശോധിച്ചതായാണ് വിവരം.
ഇതിനിടെ ആലുവ പൊലീസ് സ്റ്റേഷെൻറ ചുമതലയുണ്ടായിരുന്ന ആലുവ സി.ഐ സൈജു പോൾ കഴിഞ്ഞ ദിവസം അവധിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അവധിയെന്നാണ് സൂചന. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. ആരോഗ്യകാരണത്താലാണ് അവധിയെന്നാണ് അവർ പറയുന്നത്. എന്നാൽ, കസ്‌റ്റഡി റിപ്പോർട്ട് തയാറാക്കാൻ മേൽനോട്ടം വഹിക്കുന്നതിൽ സി.ഐക്ക് വീഴ്ച സംഭവിച്ചതാണ് അവധിയെടുക്കുന്നതിന് ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്.
സി.ഐയുടെ വീഴ്ച നേരത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ റൂറൽ എസ്.പി വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ പ്രിൻസിപ്പൽ എസ്.ഐയെയും മറ്റൊരു എസ്.ഐയെയും ഉടൻ സസ്പെൻഡ് ചെയ്തത്. സർക്കാറിനും വിവാദങ്ങൾ ഉണ്ടാക്കാൻ താൽപര്യമില്ല. അതിനാലാണ് സി.ഐയുടെ അവധിയെടുക്കലുണ്ടായതും. മുഖ്യമന്ത്രി രണ്ടു ദിവസം ആലുവയിൽ താങ്ങുമ്പോൾ തന്നെ സ്റ്റേഷെൻറ ചുമതലയുള്ള ഉദ്യോഗസ്ഥൻ അവധിയെടുത്തത് അതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.