എം.എൽ.എമാര്‍ക്കെതിരെ വ്യാജ ആരോപണം; ചെന്നിത്തലയുടെ പരാതിയില്‍ അന്വേഷണം
text_fieldsതിരുവനന്തപുരം: എം.എൽ.എമാര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് വാച്ച് ആൻഡ് വാർഡുമാർക്കെതിരെയും മ്യൂസിയം എസ്.ഐക്കെതിരെയും രമേശ് ചെന്നിത്തല നല്‍കിയ അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച അവകാശ ലംഘന പ്രശ്‌നത്തിന് ചട്ടം 159 പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്.
മാർച്ച് 15നായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. ചെന്നിത്തലയുടെ നോട്ടീസിലെ ആരോപണങ്ങൾ ഇങ്ങനെ: സ്പീക്കറുടെ ഓഫിസിനു മുന്നില്‍ ധർണ നടത്തിയ യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആൻഡ് വാർഡ് നീക്കംചെയ്തു. ഇതിനിടെ സനീഷ്‌കുമാര്‍ ജോസഫിനും കെ.കെ. രമക്കും പരിക്കേറ്റു. അംഗങ്ങള്‍ക്ക് പരിക്കേറ്റെന്ന് മനസ്സിലായതോടെ അഡീഷനല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ വ്യാജ ആക്ഷേപം ഉന്നയിച്ച് പരാതി നല്‍കി.അതിന്റെ അടിസ്ഥാനത്തില്‍ റോജി എം. ജോണ്‍, പി.കെ. ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ച് അംഗങ്ങള്‍ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തതിനും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനുമാണ് മ്യൂസിയം എസ്.ഐ പി.ഡി. ജിജുകുമാറിനെതിനെ നോട്ടീസ് നൽകിയത്. അംഗങ്ങള്‍ ആക്രമിച്ച് കൈക്ക് പരിക്കേല്‍പ്പിച്ചെന്ന വ്യാജപരാതി നല്‍കി എം.എൽ.എമാരെ അപകീർത്തിപ്പെടുത്തിയതിനാണ് മൊയ്തീന്‍ ഹുസൈനും ഷീനക്കുമെതിരെ ചെന്നിത്തല നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.