ഓട്ടോയിൽ കാട്ടിറച്ചി വെച്ച് യുവാവിനെതിരെ കള്ളക്കേസ്: 13 വനം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു
text_fieldsതൊടുപുഴ: ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തൻപുരക്കൽ സരുൺ സജിയെ (24) കള്ളക്കേസെടുത്ത് മർദിച്ച കേസിൽ പട്ടികജാതി, പട്ടികവർഗ കമീഷന്‍റെ ഉത്തരവ് പ്രകാരമാണ് ഉപ്പുതറ പൊലീസിന്‍റെ നടപടി.
ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ, കിഴുകാനം ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലെനിൻ, ജിമ്മി, ഷിജിരാജ്, ഷിബിൻ ദാസ്, മഹേഷ്, ഫോറസ്റ്റ് വാച്ചർമാരായ മോഹനൻ, ജയകുമാർ, സന്തോഷ്, ഗോപാലകൃഷ്ണൻ, ഭാസ്കരൻ, ലീലാമണി എന്നിവർക്കെതിരെയാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. ദേഹോപദ്രവം ഏൽപിക്കൽ, തെളിവ് നശിപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. എന്നാൽ, ഇറച്ചി വനം ഉദ്യോഗസ്ഥർ സരുണിനെ കുടുക്കാൻ ഓട്ടോയിൽ കൊണ്ടുവെച്ചതാണെന്നും മഹസർ കെട്ടിച്ചമച്ചതാണെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന്, വൈൽഡ്ലൈഫ് വാർഡനടക്കം കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
അതേസമയം, സരുണിനെതിരായ കേസ് ഇനിയും പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ പട്ടികജാതി, പട്ടികവർഗ കമീഷനെ സമീപിച്ചത്. ഇവർക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പോർട്ട് നൽകണമെന്നായിരുന്നു ഉപ്പുതറ പൊലീസിന് കമീഷൻ നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.