എം.സുകുമാരനും ഡോ.ആർ. സുനിലിനുമെതിരായ കള്ളക്കേസുകൾ പിൻവലിക്കണം -സി.പി.ഐ(എം.എൽ)
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂപ്രക്ഷോഭ നേതാവും അഖിലേന്ത്യ വിപ്ലവ കിസാൻ സഭ സംസ്ഥാന പ്രസിഡന്റുമായ എം.സുകുമാരനും മാധ്യമ പ്രവർത്തകൻ ഡോ. ആർ. സുനിലിനുമെതിരായ കള്ളക്കേുകൾ പിൻവലിക്കണമെന്ന് സി.പി.ഐ(എം.എൽ).
അട്ടപ്പാടിയിലെ ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിന് വേണ്ടി ദീർഘകാലമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതാവാണ് സഖാവ് സുകുമാരൻ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജ രേഖകൾ നിർമ്മിച്ച് തട്ടിയെടുക്കുന്ന ഭൂമാഫിയകളുടെ കള്ള പരാതിയിൽ ആണ് സഖാവ് സുകുമാരനും മാധ്യമപ്രവർത്തകനായ ഡോ. സുനിലിനുമെതിര അഗളി പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കേരളത്തിൽ ഹാരിസൺ, കണ്ണൻ ദേവൻ അടക്കമുള്ള വിദേശതോട്ടം കമ്പനികൾ നിയമ വിരുദ്ധമായി ലക്ഷക്കണക്കിന് ഏക്കർ ഭൂമി കൈവശം വെക്കുന്ന പ്രശ്നം നിരവധി പഠനങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന പ്രമുഖ പത്രപ്രവർത്തകനാണു ആർ. സുനിൽ.
വിദേശ തോട്ടം കമ്പനികളുടെ നിയമ വിരുദ്ധ ഭൂമി കയ്യേറ്റത്തെ കുറിച്ച് നിവേദിത പി.ഹരൻ മുതൽ എം.ജി രാജമാണിക്കം വരെ നടത്തിയ നിരവധി അന്വഷണ റിപ്പോർട്ടുകളും വസ്തുതകളും പുറത്തു കൊണ്ടു വന്ന അപൂർവം പത്ര പ്രവർത്തകരിൽ ഒരാളാണ് സുനിൽ. അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന മാഫിയകളുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസി നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ വാർത്തകൾ പുറം ലോകത്ത് എത്തിക്കുന്നതിലുള്ള പകയാണ് അദ്ദേഹത്തിനെതിരെ കേസ് ചുമത്തുന്നതിന് കാരണം.
പാർട്ടി സംസ്ഥാന കമ്മിറ്റി നിയോഗിച്ച വസ്തുതാന്വേഷണ സമിതി അട്ടപ്പാടി സന്ദർശിച്ചു പൊലീസ് സഹായത്തോടെ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനെക്കുറിച്ചും ഇതിൽ മാഫിയ-പൊലീസ്-ഉദ്യോഗസ്ഥ കൂട്ടുകെട്ട് വഹിക്കുന്ന പങ്കും പുറത്തു കൊണ്ടു വന്നിരുന്നു.
ആദിവാസി ഭൂപ്രക്ഷോഭത്തിൽ നേതൃത്വപരമായ പങ്കു വഹിക്കുന്ന എം. സുകുമാരനെതിരെയും ആർ. സുനിലിന് എതിരെയും എടുത്തിട്ടുള്ള കള്ള കേസുകൾ പിൻവലിക്കണമെന്ന് കേരള ആഭ്യന്തര വകുപ്പിനോടും മുഖ്യമന്ത്രിയോടും സി.പി.ഐ(എം.എൽ) ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.