തിരുവോണദിവസം വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായി വ്യാജ പ്രചാരണം; പി.കെ. ശ്രീമതി പരാതി നൽകി
text_fieldsകണ്ണൂർ: വാട്സാപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻറ് പി.കെ. ശ്രീമതി. ഈ ആവശ്യമുന്നയിച്ച് കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയതായും പ്രസ്താവനയിൽ അറിയിച്ചു.
തിരുവോണദിവസം ഉച്ചക്ക് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായാണ് ഫോട്ടോവച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം, നബിദിനത്തിൽ പോർക്ക് വിളമ്പുമെന്ന് പറയാനുള്ള ധൈര്യമുണ്ടോയെന്നും ചോദിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ മതസ്പർധയുണ്ടാക്കാനാണ് ഇത്തരം പ്രചാരണം. ഇതരമതക്കാരനായ സഹപാഠിയെ അടിക്കാൻ അധ്യാപികതന്നെ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്വേഷമാണ് യു.പിപോലുള്ള സംസ്ഥാനങ്ങളിൽ പടർത്തുന്നത്. പശുക്കടത്താരോപിച്ച് ആളുകളെ കൊല്ലുന്നു. ദളിതർക്കും മറ്റ് പിന്നാക്കവിഭാഗങ്ങൾക്കുംനേരെ സംഘടിത അക്രമം നടത്തുന്നു.
എല്ലാ ജനവിഭാഗങ്ങളും സഹോദരങ്ങളെപ്പോലെ കഴിയുന്ന കേരളത്തിൽ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. വ്യക്തിപരമായി താറടിച്ചുകാണിക്കാനുള്ള നീക്കം ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.