സംഘപരിവാറിന്‍റെ നുണപ്രചാരണം പൊളിഞ്ഞു; കേസിൽ കൂടുതല്‍ പ്രതികളുണ്ട്- സന്ദീപാനന്ദഗിരി
text_fieldsതിരുവനന്തപുരം: ആശ്രമം കത്തിച്ച കേസില്‍ സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞെന്നും കൂടുതല്‍ പ്രതികളുണ്ടെന്നു സംശയിക്കുന്നതായും സന്ദീപാനന്ദഗിരി. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിന്‍റെ അറസ്റ്റ് ആണ് ക്രെെംബ്രാഞ്ച് രേഖപ്പെടുത്തിയത്.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികൾ തീയിട്ടത്. ശബരിമല യുവതി പ്രവേശന വിവാദം കത്തിനില്‍ക്കെയാണ് സംഭവം. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീപിടിച്ചത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ആശ്രമത്തിനു മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും അക്രമികൾ വെച്ചിരുന്നു.
കേസിലെ മുഖ്യപ്രതിയായ പ്രകാശ് ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. താനും ചില സുഹൃത്തുക്കളും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് സഹോദരൻ പ്രകാശ് വെളിപ്പെടുത്തിയതായി പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഈ മൊഴി പിന്നീട് കോടതിയിൽ പ്രശാന്ത് മാറ്റി പറഞ്ഞിരുന്നുവെങ്കിലും കേസുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു പോവുകയായിരുന്നു.
പ്രകാശിന്‍റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ കൃഷ്ണകുമാർ നിലവിൽ കസ്റ്റഡിയിലാണ്. തീപിടിത്തതിനു നാലു വര്‍ഷവും നാലു മാസവും തികയുമ്പോഴായിരുന്നു കൃഷ്ണകുമാറിനെ പിടികൂടിയതിലൂടെ കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആശ്രമത്തിൽവെച്ച റീത്ത് ചാലയിൽ നിന്ന് വാങ്ങി നൽകിയത് താനാണെന്ന് കൃഷ്ണകുമാർ സമ്മതിച്ചിട്ടുണ്ട്. 'ഷിബുവിന് ആദരാഞ്ജലി' എന്ന് റീത്തിൽ എഴുതിയതും പ്രകാശ് ആണ്. അതിന് ശേഷം താൻ മുകാംബികക്ക് പോയി. ആർ.എസ്.എസ് പ്രവർത്തകരായ ശബരിയും പ്രകാശും ചേർന്നാണ് ആശ്രമം കത്തിച്ചതെന്നാണ് കൃഷ്ണകുമാർ മൊഴി നൽകിയത്.
ഗൂഢാലോചന കേസിലാണ് കൃഷ്ണ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു പ്രതിയായ ശബരി ഒളിവിലാണ്. ശബരിയുടെ സുഹൃത്ത് വിജിലേഷിന്‍റെ പുതിയ പൾസർ ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. 2500 രൂപക്ക് തിരുമലയിലെ ഒരു വർക് ഷോപ്പിൽ ഈ ബൈക്ക് പൊളിച്ചു വിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.