അടുക്കളയും അടക്കേണ്ടി വരുമോ?
text_fieldsകണ്ണൂർ: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും കഷ്ടപ്പെടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി പാചകവാതക, ഇന്ധന വില വർധന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ തുടർന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വില കഴിഞ്ഞദിവസം വർധിപ്പിച്ചതോടെ ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിലായി. 14.2 കിലോയുടെ ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്.
969.50 രൂപയാണ് കണ്ണൂരിലെ വില. നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് കുത്തനെ വില വർധിപ്പിച്ചത് ഹോട്ടൽ, റസ്റ്റാറന്റ് മേഖലക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ കണ്ണിൽ പൊടിയിടാനായി എട്ടുരൂപ കുറച്ചതായി ഹോട്ടലുടമകൾ പറയുന്നു.
അവശ്യസാധനങ്ങൾക്കടക്കം വില വർധിച്ച സാഹചര്യത്തിൽ ഇന്ധനവില വർധന ജനജീവിതം മുട്ടിക്കുമെന്നുറപ്പാണ്. വിളവെടുപ്പ് തുടങ്ങുന്നതോടെ പച്ചക്കറി വില കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റുള്ളവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇന്ധനവില വർധിക്കുന്നതോടെ സാധനങ്ങളുടെ വില ഇനിയും ഉയരും. കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധനവുണ്ടായത്. യുക്രെയ്ൻ-റഷ്യ യുദ്ധം വന്നതോടെ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് വില വർധിപ്പിക്കാൻ കാരണം.
കണ്ണൂരിൽ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ചൊവ്വാഴ്ച വർധിച്ചത്. 105.27, 92.51 എന്നിങ്ങനെയാണ് വർധിപ്പിച്ച പെട്രോൾ, ഡീസൽ വില. മാഹിയിൽ പെട്രോളിന് 93.29 രൂപയും ഡീസലിന് 81.70 രൂപയുമാണ് വില. 76 പൈസയാണ് രണ്ടിനും വർധിച്ചത്. കണ്ണൂർ ജില്ലയും മാഹിയും തമ്മിൽ പെട്രോളിന് 12 രൂപയുടെയും ഡീസലിന് 11 രൂപയോളവും വ്യത്യാസമുണ്ട്. ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും പന്തക്കലിലും ഇന്ധനം നിറക്കാനെത്തുന്നുണ്ട്.
ഇന്ധന വില വർധനയോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസുകളുടെ നീണ്ടനിരയാണ് മാഹിയിലെയും പരിസരത്തെയും പമ്പുകളിൽ കാണാനുള്ളത്. ഇത്തരത്തിൽ എണ്ണ നിറക്കുമ്പോൾ 1000 രൂപയോളം കുറവുവരുന്നതായി ബസുടമകൾ പറയുന്നു. യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ഓയിലുകൾക്കും വില വർധിച്ചിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിലിന് രണ്ടാഴ്ചക്കിടെ 50 രൂപയോളമാണ് വർധിച്ചത്. വില ലിറ്ററിന് 190 രൂപയിലെത്തി. നെയ്ക്കും ഒരാഴ്ചക്കിടെ 50 രൂപയുടെ വർധനയുണ്ടായി.
സോപ്പുകൾക്ക് 40 ശതമാനം വിലകൂടി. സോപ്പുപൊടിക്ക് 10 രൂപയാണ് കിലോക്ക് വർധിച്ചത്. മുളകും ഗോതമ്പും വിലകൂടിയവയുടെ പട്ടികയിലുണ്ട്. സോപ്പുകൾ അടക്കമുള്ള സാധനങ്ങൾക്ക് ഓരോദിവസവും വില തോന്നിയതുപോലെ മാറുകയാണെന്ന് ചമ്പാട്ടെ കെ.കെ. സ്റ്റോർ ഉടമ പ്രവീൺ പറഞ്ഞു.
കോഴിയിറച്ചിക്കും വില കുതിക്കുകയാണ്. ഒരുമാസത്തിനിടെ 60 രൂപയാണ് വർധിച്ചത്. 170 രൂപയാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില ഇനിയും കൂടുമെന്നാണ് കരുതുന്നത്.
അടുക്കള ബജറ്റ് താളംതെറ്റിക്കുന്ന തരത്തിലാണ് വിലക്കയറ്റം. ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിലും വാഹനവുമായി റോഡിലും ഇറങ്ങാനാവാത്തസ്ഥിതിയാണ്'
നസ്നി ജംഷീർ, വീട്ടമ്മ കൂത്തുപറമ്പ്
കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടെയാണ് ഇന്ധന വിലക്കയറ്റം വീണ്ടും പ്രഹരമായത്. ചാർജ് വർധനയില്ലാതെ കിട്ടുന്ന ഓട്ടമോടി വളരെ കഷ്ടിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
നവാസ്, ഓട്ടോ ഡ്രൈവർ-തലശ്ശേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.