താമസം കോളനിയിൽ; റേഷൻ കാർഡ് മുൻഗണനേതരം
text_fieldsകൊല്ലങ്കോട്: മുൻഗണനേതര റേഷൻ കാർഡുകളുമായി കോളനിവാസികൾ ദുരിതത്തിൽത്തന്നെ.
ചെമ്മണാമ്പതി വടക്കേകോളനി, പെരുഞ്ചിറ കോളനി, ചെമ്മണന്തോട് കോളനി, ഗോവിന്ദാപുരം അംബേദ്കർ കോളനി, പുതൂർകോളനി, പറത്തോട്, പുത്തൻപാടം എന്നീ കോളനികളിലാണ് ഓലക്കുടിലിൽ താമസിക്കുന്നവർക്കും മുൻഗണനേതര റേഷൻ കാർഡുകൾ അനുവദിച്ചിട്ടുള്ളത്.
റേഷൻ കാർഡില്ലാതെ രണ്ട് പതിറ്റാണ്ടിലധികമായുള്ള കാത്തിരിപ്പിനുശേഷം ലഭിച്ച റേഷൻ കാർഡും മുൻഗണനേതര വിഭാഗത്തിലായിമാറി. ബി.പി.എൽ കാർഡാക്കാൻ ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫിസിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
ചെമ്മണന്തോട് കോളനിവാസികളോട് മുൻഗണനേതര റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലാക്കുമെന്ന് രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
വീടും പട്ടയവുമില്ലാതെ 40 കുടുംബങ്ങളാണ് ചെമ്മണത്തോട് കോളനിയിൽ കഴിയുന്നത്. ചെമ്മണാമ്പതി, കൊല്ലങ്കോട്, തേക്കിൻചിറ, പറത്തോട് എന്നീ കോളനികളിലും റേഷൻ കാർഡിലെ അപാകതകൾ മൂലം ആദിവാസി വിഭാഗങ്ങൾ വരെ ദുരിതത്തിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കുമെന്ന കോളനിവാസികളോടുള്ള ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ ആനുകൂല്യങ്ങൾ പോലും ഇവർക്ക് ലഭിക്കാതാകുന്നതിനാൽ മുൻഗണന റേഷൻ കാർഡുകൾക്കായി കോളനിവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.