കുടുംബകോടതി ജഡ്ജിക്ക് ഹൈകോടതിയുടെ താക്കീത്
text_fieldsകൊച്ചി: ജീവനാംശവുമായി ബന്ധപ്പെട്ട കേസിൽ കുടുംബകോടതി ജഡ്ജിക്ക് ഹൈകോടതിയുടെ താക്കീത്. 15,000 രൂപ ജീവനാംശം നൽകാനുള്ള കുടുംബകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും തുക കെട്ടിവെക്കാൻ കൂടുതൽ സമയം അനുവദിച്ചതും വകവെക്കാതെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനാണ് താക്കീത്. എറണാകുളം എളമക്കര സ്വദേശി സി.എ. ദീജു നൽകിയ ഹരജിയിലാണ് എറണാകുളം കുടുംബകോടതി ജഡ്ജി ബി. വിജയനെ സിംഗിൾ ബെഞ്ച് താക്കീത് ചെയ്തത്.
ഹരജിക്കാരൻ ഭാര്യക്ക് പ്രതിമാസം 15,000 രൂപ ജീവനാംശം നൽകാൻ കുടുംബകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ദീജു നൽകിയ ഹരജിയിൽ 2,60,000 രൂപ കെട്ടിവെക്കണമെന്ന നിബന്ധനയോടെ കുടുംബകോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. രണ്ട് ഗഡുക്കളായി 1.80 ലക്ഷം രൂപ കെട്ടിെവച്ചു.
പിന്നീട് ഹരജിക്കാരെൻറ അപേക്ഷയിൽ ശേഷിച്ച 80,000 രൂപ കെട്ടിവെക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നുമാസത്തെ സമയം ഹൈകോടതി അനുവദിച്ചു. ഇക്കാര്യം ഫെബ്രുവരി 28ന് കേസ് പരിഗണിച്ച കുടുംബകോടതിയിൽ ദീജു അറിയിച്ചെങ്കിലും ഇത് വകവെക്കാതെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു. വാറൻറ് തടയണമെന്നാവശ്യപ്പെട്ട് ദീജു ഹൈകോടതിയെ സമീപിച്ചു.
ഹരജിയെത്തുടർന്ന് സിംഗിൾ ബെഞ്ച് കുടുംബകോടതി ജഡ്ജിയോട് വിശദീകരണം തേടി. മാർച്ച് 15നും 18നുമായി രണ്ട് വിശദീകരണം ജഡ്ജി വിജയൻ നൽകിയെങ്കിലും രണ്ടും തൃപ്തികരമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഹൈകോടതിയുടെ നിർദേശങ്ങളും ഉത്തരവുകളും പാലിക്കുന്നതുസംബന്ധിച്ച വിഷയത്തിൽ ഭാവിയിൽ കൂടുതൽ ജാഗ്രത കാട്ടണമെന്ന കർശന നിർദേശം നൽകിയ സിംഗിൾ ബെഞ്ച് കുടുംബകോടതി ജഡ്ജിക്കെതിരായ തുടർനടപടികൾ അവസാനിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.