വിഷ്ണുവിന് ഉപഹാരവുമായി ആലപ്പുഴയിൽ നിന്നൊരു കുടുംബം
text_fieldsചേളന്നൂർ: ആശുപത്രിവാസത്തിനിടെ മനസ്സിലുദിച്ച ആഗ്രഹം നിറവേറിയ വിഷ്ണുവിന് ഉപഹാരവുമായി ആലപ്പുഴയിൽ നിന്നൊരു കുടുംബം. പ്ലസ് വണിന് പഠിക്കവേ കഴുത്തിന് ബ്രാക്കിയൽ സിസ്റ്റ് ബാധിച്ച് കിടക്കവേ ഡോക്ടറാകണമെന്ന ആഗ്രഹത്തിന് സമയവും ജീവിതവും മാറ്റിവെച്ച പി.സി. പാലം ചന്ദനചാലിൽ ശിവദാസെൻറ മകനായ വിഷ്ണുവിെൻറ നിശ്ചയദാർഢ്യത്തിെൻറ കഥ 'മാധ്യമ'ത്തിലൂടെ അറിഞ്ഞാണ് കുടുംബം എത്തിയത്. വിഷ്ണുവിനുള്ള എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു.
ശസ്ത്രക്രിയയെ തുടർന്ന് രണ്ടു മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിഷ്ണു. അപൂർവ രോഗമാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ പല ഡോക്ടർമാരും സാധാരണക്കാരനായ വിഷ്ണുവിന് ഏറെ കരുതൽ നൽകി. അതോടെ തെൻറ മനസ്സിൽ കയറിക്കൂടിയ ഡോക്ടർമാരുടെ ഒരു പതിപ്പാകാൻ വിഷ്ണു തീരുമാനിച്ചു.
ഡോക്ടർമാരുമായുള്ള ബന്ധം ആ ആഗ്രഹത്തിലേക്കുള്ള വഴിയുടെ ദൂരം കുറച്ചു. ഒരു വിധ ട്യൂഷനും ഇല്ലാതെ പഠിച്ച നരിക്കുനി ഗവ.ഹയർസെക്കൻഡറിയിലായിരുന്നു പ്ലസ് ടു പഠനം. രോഗം പിടിമുറുക്കുന്നതുവരെ ഡോക്ടർ എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നില്ല.
ആശുപത്രിയിൽ നിന്നിറങ്ങവേ രോഗം ഭേദമായെങ്കിലും ഡോക്ടറാവണമെന്ന ചിന്ത വിഷ്ണുവിനെ പിടികൂടിയിരുന്നു. കൂലിപ്പണിക്കാരനായ പിതാവിെൻറ ജീവിതാവസ്ഥ ശരിയായി മനസ്സിലാക്കിയ വിഷ്ണു തെൻറ ആഗ്രഹം പുറത്തുപറഞ്ഞതുമില്ല.
ലളിത ജീവിതമായിരുന്നു കുടുംബത്തെ പോലെ വിഷ്ണുവിനും. രോഗത്തിനിടയിലും ഉയർന്ന മാർക്കു വാങ്ങിയ വിഷ്ണു നീറ്റ് പരീക്ഷയെഴുതി എറണാകുളം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റും നേടിയത് യാദൃച്ഛികമായിരുന്നില്ല, രോഗത്തെ തോൽപിച്ച മനസ്സിെൻറ ഇച്ഛാശക്തി തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.