Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ...

അട്ടപ്പാടിയിലെ ആദിവാസികളുടെ കുടുംബഭൂമി: ഭാഗാധാരം തയാറാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് ഫണ്ട് നൽകണമെന്ന് റിപ്പോർട്ട്

text_fields
bookmark_border
അട്ടപ്പാടിയിലെ ആദിവാസികളുടെ കുടുംബഭൂമി: ഭാഗാധാരം തയാറാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് ഫണ്ട് നൽകണമെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസികളുടെ കുടുംബഭൂമി അളന്ന് ഭാഗാധാരം തയാറാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് ഫണ്ട് നൽകണമെന്ന് പട്ടികവർഗ വകുപ്പിന്റെ റിപ്പോർട്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി തറവാട്ട് സ്വത്താണ്. അത് വ്യക്തികൾക്ക് വീതം വെച്ച് നൽകിയിട്ടില്ല. അതിനാൽ ആദിവാസികൾക്ക് കേന്ദ്ര സർക്കാരിന്റെ അടക്കമുള്ള ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് ആദിവാസികളുടെ അഭിപ്രായം.

2014 ഡിസംബർ 30ന് പട്ടികവർഗ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയിലും ഭൂമി കൈവശം വെച്ചിരിക്കുന്ന നിർധനരായ പട്ടികവർഗക്കാർക്ക് ഭൂമിഭാഗാധാരം തയാറാക്കുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി, സർവേ ചെലവ്, രജിസ്ട്രേഷൻ ഫീസ്, എഴുത്ത് കൂലി എന്നിവ പട്ടികവർഗ വകുപ്പ് നൽകണമെന്ന് ഉത്തരവായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കണം. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിയുടെ കാര്യത്തിൽ രജിസ്ട്രേഷൻ വകുപ്പിന് നേരിട്ട് പട്ടികവർഗ വകുപ്പിന് ഫണ്ട് നൽകുന്ന കാര്യം പരിഗണിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

ആദിവാസികൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഊരുകളിലാണ് മറ്റുള്ളവർ ഭൂമി കൈയേറി അവകാശം സ്ഥാപിക്കുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഒരുകാലത്ത് ഈ ഭൂമിയിൽ സ്വതന്ത്രരായി വിഹരിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ യാതൊരുവിധ തടസങ്ങളും ആദിവാസികൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, അവരുടെ ഭൂമിക്ക് സ്വന്തമായിട്ട് രേഖകൾ ലഭിക്കുകയോ അത് ലഭ്യമാകുന്നതിന് ശ്രമിക്കുകയോ ചെയ്തിരുന്നില്ല.

അട്ടപ്പാടിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കുടിയേറി വന്നവർ ആദിവാസികളുടെ നിഷ്കളങ്കതയും അജ്ഞതയും മുതലെടുത്ത് ഭൂമി കൈയേറിയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ പ്രായംചെന്നവരുടെ മൊഴിയെടുക്കണം. അവരുടെ മൊഴികളിൽ നിന്നും കൈയേറ്റം സംബന്ധിച്ച യഥാർഥ വസ്തുത അറിയാൻ കഴിയും.

ഭീഷണിപ്പെടുത്തിയും മറ്റ് സ്വാധീനങ്ങൾ വഴിയും ആദിവാസികൾ തലമുറകളായി അനുഭവിച്ചു വരുന്ന ഭൂമി തട്ടിയെടുത്ത അവസ്ഥയുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരാണ് ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവർ കൈയേറിയ ഭൂമിക്ക് ചുറ്റും ഇലക്ട്രിക് ഫെൻസിങ് സ്ഥാപിച്ചിരിക്കുകയാണ്. അതിനാൽ വനത്തിൽനിന് പുറത്ത് വരുന്ന വന്യമൃഗങ്ങൾ കൂട്ടത്തോടെ ആദിവാസികളുടെ ഊരുകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കുമാണ് ഇറങ്ങുന്നത്.

അട്ടപ്പാടി ഊരുകളിലെ ആദിവാസികളുടെ സ്വൈരജീവിതം ഇപ്പോൾ പ്രതിസന്ധിയിലാണ്. മറ്റുള്ളവരുടെ ഭൂമികയേറ്റം കാരണം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെടുന്നു. പുതുതലമുറക്ക് താമസിക്കുന്നതിനും കാർഷികാവശ്യത്തിനും ഭൂമി ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.

അട്ടപ്പാടിയിലെ ആദിവാസികൾ ഭൂരിപക്ഷവും ഒരുമിച്ച് ഊരുകളിലാണ് താമസിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുകയാണെങ്കിൽ വളരെ ചെറിയ, ഒരുമിച്ച് താമസിക്കുന്ന വിഭാഗത്തിന് മഹാദുരന്തങ്ങൾ നേരിടേണ്ടി വന്നേക്കാം. ബഹുഭൂരിപക്ഷം ആദിവാസികളും നദികൾ, അരുവികൾ തുടങ്ങിയ ജലസ്രോതസുകളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കുടിവെള്ളം പോലും ആദിവാസികൾ പുഴകളിൽ നിന്നാണ് എടുക്കുന്നത്.

അട്ടപ്പാടിയിൽ അടുത്തകാലത്തായി വൻതോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് സമീപഭാവിയിൽ ഈ മേഖലയിൽ വലിയ പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമായേക്കാം. കുന്നിടിക്കുന്നത് ആശങ്കപ്പെടേണ്ട സാഹചര്യമാണ്. പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ളവർ വൻതോതിൽ ഭൂമി വാങ്ങി വൻനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനുവേണ്ടി കുന്നുകൾ യാതൊരു നിയന്ത്രണവും ഇല്ലാതെ ഇടിച്ചു നിരത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ അട്ടപ്പാടിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

അട്ടപ്പാടി മേഖലയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ളവരുടെ വീട് നിർമാണത്തിന് ഒഴിച്ച് ബാക്കി എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും ഭൂമി നിരപ്പാക്കുന്നതിനും മണ്ണെടുക്കുന്നതിനും അനുമതി നൽകുന്നത് കലക്ടറിൽ നിക്ഷിപ്തമാക്കണം. അനുമതി നൽകുന്നതിന് മുമ്പ് നിർമാണം പരിസ്ഥിതിയെ ബാധിക്കുന്നില്ലെന്ന് വനം വകുപ്പിന്റെയും പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാകില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും അനുമതി വാങ്ങണമെന്നും വ്യവസ്ഥ വേണം. അതുപോലെ ആദിവാസികളുടെ ആവാസമേഖലക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് പട്ടികവർഗ വകുപ്പിന്റെയും അനുമതി ലഭ്യമാകുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് റിപ്പോർട്ടിലെ ശുപാർശ. ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ ഉൾപ്പെടെയുള്ള 18 പേർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attappaditribal landregistration departmentST department
News Summary - Family land of tribals in Attappadi: Report to provide funds to registration department for preparation of Bhagadhara
Next Story