കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
text_fieldsആറ്റിങ്ങൽ: കിഴുവിലത്ത് ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മുടപുരം ശിവകൃഷ്ണപുരം വട്ടവിള വിളയില്‍ വീട്ടില്‍ സുബി (51), ഭാര്യ ദീപ (41), മകള്‍ ഹരിപ്രിയ (13), മകന്‍ അഖില്‍ സുബി (17) എന്നിവരെയാണ് സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവമറിയുന്നത്. സന്ധ്യകഴിഞ്ഞിട്ടും സുബിയുടെ വീട്ടില്‍ വെളിച്ചം കാണാത്തതിനെതുടര്‍ന്ന് അയല്‍വാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറയില്‍ തൂങ്ങിനില്‍ക്കുന്ന അഖിലിനെ കണ്ടത്. ഇവര്‍ ബഹളം െവച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മറ്റുള്ളവരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഉടന്‍തന്നെ ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഓരോരുത്തരും ഓരോ മുറികളിലെ റൂഫിലെ ഹൂക്കുകളിലാണ് തൂങ്ങിനിന്നത്. സുബിയെ ഹാളിന് സമീപവും കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. നാലുപേരുടെയും ആത്മഹത്യാ കുറിപ്പുകള്‍ മുറികളില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റ് വിവരങ്ങളടങ്ങിയ ഒരു കവര്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നു.
വിദേശത്തായിരുന്ന സുബി രണ്ടുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയശേഷം കഴക്കൂട്ടത്ത് ലോഡ്ജ് വാടകക്കെടുത്ത് നടത്തിവരികയായിരുന്നു. കൊറോണയെതുടര്‍ന്നുള്ള ബിസിനസ് മാന്ദ്യമാകാം സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രണ്ടുമാസമായി ചിറയിന്‍കീഴിനടുത്ത് കുറക്കടയില്‍ പച്ചക്കറിക്കട നടത്തിവരികയായിരുന്നു സുബി. സുബിയുടെ മകള്‍ ഹരിപ്രിയ പാലവിള ഗവണ്‍മെൻറ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഖില്‍ സുബി കൂന്തള്ളൂര്‍ പി.എന്‍.എം.എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയും. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പൊലീസ് ഇന്‍ക്വസ്റ്റ്, കോവിഡ്, മൃതദേഹ പരിശോധനകള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.