കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാറിലും കുടുംബാധിപത്യം -പ്രധാനമന്ത്രി
text_fieldsതിരുവനന്തപുരം: കോൺഗ്രസിന്റെ കുടുംബാധിപത്യ രീതി കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറും അനുകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച പദയാത്രയുടെ സമാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമർശങ്ങൾ.
കേരളത്തിനുള്ളിൽ കോൺഗ്രസും സി.പി.എമ്മും ബദ്ധവൈരികളാണ്. എന്നാൽ, കേരളത്തിനു പുറത്ത് ഇവർ ഉറ്റ ചങ്ങാതിമാരുമാണ്. കേരളത്തിൽ ഒരു കൂട്ടർ മറുഭാഗത്തിനെതിരെ കൊലപാതക ആരോപണങ്ങൾ ഉന്നയിക്കും. സി.പി.എം മുഖ്യമന്ത്രി ഫാഷിസ്റ്റാണെന്ന് കോൺഗ്രസ് നേതാക്കൾ ആക്ഷേപിക്കുകയും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യും. മറുപടിയായി കോൺഗ്രസുകാർക്കെതിരെ സി.പി.എം സർക്കാർ ലാത്തിച്ചാർജ് നടത്തും.
മുൻ യു.ഡി.എഫ് സർക്കാറിന്റെ അഴിമതി നിരത്തും. ഇങ്ങനെയെല്ലാമാണെങ്കിലും ഇവർ കേരളത്തിനു പുറത്ത് ഇൻഡ്യ മുന്നണിയിലെത്തിയാൽ ഒന്നിച്ചിരിക്കും. ചായ കുടിക്കുകയും ബിസ്കറ്റും സമോസയുമെല്ലാം ഒന്നിച്ച് പങ്കിടുകയും ചെയ്യും. തിരുവനന്തപുരത്ത് ഇക്കൂട്ടർക്ക് ഒരു ഭാഷയും ഡൽഹയിൽ മറ്റൊരു ഭാഷയുമാണ്. ഈ വിരുദ്ധ നിലപാടിന് വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രബുദ്ധ ജനത മറുപടി നൽകണം. ആളുകളെ എങ്ങനെ തമ്മിലടിപ്പിച്ച് വോട്ടുനേടാമെന്നതാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. ഇതിന് മാറ്റം വരുത്താനുള്ള അവസരമാണ് തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങൾക്ക് വന്നുകിട്ടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
കെ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി, പി.സി. ജോർജ്, എ.പി. അബ്ദുല്ലക്കുട്ടി, അനിൽ ആന്റണി, തുഷാർ വെള്ളാപ്പള്ളി, സി.കെ. ജാനു, പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.