'യാ നബിയേ സലാം..' മലയാളികൾക്ക് സംഗീതപെരുന്നാളൊരുക്കിയ കുടുംബം ഇവിടെയുണ്ട്
text_fieldsമലയാളിയുടെ ഏതാഘോഷത്തിനുമൊപ്പം പാട്ടിൽ തീർത്തൊരു സ്നേഹം പങ്കുവെക്കാനുണ്ടാകും ഗായിക ശ്രുതിക്കും കുടുംബത്തിനും. എല്ലാ മനുഷ്യരുടെയും ആഘോഷങ്ങൾക്കൊപ്പം ഈ കുടുംബത്തിെൻറ ഹൃദയം കൊണ്ടുള്ള ഐക്യപ്പെടലും സ്നേഹവുമെല്ലാം പാട്ടിലാണ്.
അങ്ങനെ ഇക്കുറി ചെറിയപെരുന്നാളിന് പാട്ട് കൊണ്ടവർ തീർത്ത സ്നേഹം മലയാളികൾ ഹൃദയം കൊണ്ട് സ്വീകരിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലും ട്രെൻഡിങ്ങുമായി...വാട്സാപ്പ് സ്റ്റാറ്റസുകളായി, ഈദ് സന്ദേശങ്ങളായി..
''ഹൈറുൽ വറായ സയ്യിദീ...കരുണക്കടൽ മുഹമ്മദീ.... യാ നബിയെ സലാം... എന്ന പ്രകീർത്തന ഗീതവുമായെത്തി ചെറിയ പെരുന്നാളിന് മലയാളികൾക്ക് പാട്ടുകൊണ്ട് പെരുന്നാളൊരുക്കിയത് കണ്ണൂർ പിലാത്തറ മണ്ടൂർ സ്വദേശിനിയും ഗായികയുമായ ശ്രുതിയും അച്ഛൻ രമേശും, അമ്മ ശൈലജയും അനുജൻ ശ്രീരാഗുമടങ്ങുന്ന കുടുംബമായിരുന്നു.
പാട്ട് നിറഞ്ഞതാണ് കണ്ണൂർ രമേശെൻറ വീടകം.. പെയ്ൻറിങ്ങ് തൊഴിലാളിയായ രമേശെൻറ ബ്രഷിന് പാട്ടിെൻറ താളമുണ്ട്. ഹാർമോണിയം മനോഹരമായി വായിക്കുന്ന രമേശൻ സംഗീതം പഠിച്ച് തുടങ്ങിയെങ്കിലും സാഹചര്യങ്ങൾ അത് പൂർത്തിയാക്കാൻ അനുവദിച്ചില്ല.
പക്ഷെ ഉള്ളിലെ പാട്ടുകാരനെ രമേശൻ എന്നും താലോലിച്ചിരുന്നു. ആ പാട്ടിനും താളത്തിനും ശ്രുതി പകരാൻ ശൈലജയും കൂടിയെത്തിയതോടെ പാട്ടും സംഗീതവുമൊക്കെ ആ കുടുംബത്തിെൻറ ഭാഗമായി. ജീവിതത്തിെൻറ ഭാഗമായി വന്ന മകൾ ശ്രുതിയും മകൻ ശ്രീരാഗും പാട്ടിെൻറ വഴിയെ ചുവടു വെച്ചതോടെ പാട്ടും സംഗീതവും കൊണ്ട് നിറഞ്ഞു വീടകം.
വൈറലായ പാട്ടിെൻറ പിറവിക്ക് പിന്നിൽ
''ഈ കോവിഡ് കാലത്ത് വീട്ടിലിരുന്ന് നമുക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കാം... എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നു കൊണ്ട് ശ്രുതി രമേശനും കുടുംബവും'' എന്ന കുറിപ്പോടെയാണ് രമേശ് പാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഓണത്തിനും ക്രിസ്മസിനും വിഷുവിനും അല്ലാത്തപ്പോഴുമൊക്കെ ഞങ്ങൾ പാടിയ വിഡിയോകൾ ഫേസ്ബുക്കിലിടാറുണ്ടായിരുന്നു. ലോക്ഡൗണായതോടെ അച്ഛനും അമ്മയും അനുജനും ഞാനും എല്ലാവരും വീട്ടിൽ തന്നെയുണ്ടായിരുന്നു. അങ്ങനെയാണ് ചെറിയ പെരുന്നാളിന് ഒരുമിച്ച് പാടാമെന്ന് തീരുമാനിച്ചതും പാടിയിട്ടതും. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പാട്ട് വൈറലാവുകയായിരുന്നുവെന്ന് ശ്രുതി 'മാധ്യമം ഓൺലൈനിനോട്' പറഞ്ഞു.
പാട്ട് ഇഷ്ടപ്പെട്ട് സുഹൃത്തുക്കളും മറ്റും വിളിച്ചു. ഒരു പാട് പേർ സോഷ്യൽ മീഡിയയിലൊക്കെ ഷെയർ ചെയ്തു. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയില്ല. അച്ഛനും അമ്മയും അനിയനും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഹാപ്പിയാണ്.
ശ്രുതിയെന്ന പാട്ടുകാരി
അച്ഛനും അമ്മയുമാണ് എന്നെയും അനുജൻ ശ്രീരാഗിനെയും പാട്ടുപഠിപ്പിച്ചത്. അച്ഛന് സംഗീതം പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ സാഹചര്യങ്ങൾ അതു പൂർത്തീകരിക്കാൻ അനുവദിച്ചില്ല.
കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എ സംഗീതം കഴിഞ്ഞ ശ്രുതി ഒന്നാം റാങ്കോടെയാണ് എം.എ പാസായത്. ഇപ്പോൾ സംഗീതത്തിൽ തന്നെ പി.എച്ച്.ഡി ചെയ്യുകയാണ്.
മൂന്ന് തവണ കണ്ണൂർ സർവലാശാല കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. ഗായികയായ ശ്രുതി നിരവധി പ്രൊഫഷണൽ പിന്നണി ഗായകർക്കൊപ്പം വിവിധ സ്റ്റേജുകളിൽ പാടിയിട്ടുമുണ്ട്. മീഡിയ വൺ ചാനലിെൻറ പതിനാലാം രാവിൽ സീസൺ 4 ൽ ഫൈനലിസ്റ്റായിരുന്നു. അനുജൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുകയാണ്, സംഗീതം പഠിക്കുന്ന അവനാണ് ചേച്ചിയുടെ പാട്ടുകൾക്ക് വേണ്ടി മനോഹരമായ വിഡിയോകൾ തയാറാക്കി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.