അമ്മയുടെ കണ്ണീരിൽ കത്തിപ്പോകും, ‘രക്തസാക്ഷിത്വം’ -അലി ചാഹ്റൂർ
text_fieldsതൃശൂർ: സിറിയയിലെ യുദ്ധ ഭൂമിയിലേക്ക് മകനെ പറഞ്ഞയച്ച് ‘രക്തസാക്ഷിത്വം’ ഏറ്റുവാങ്ങിയവരേറെയുള്ള ലബനാനിൽ മാതൃസ്നേഹമാണ് വലുതെന്ന് പറയാൻ തിയറ്ററിനേ കഴിയൂവെന്ന് പ്രശസ്ത ലബനീസ് നാടക സംവിധായകൻ അലി ചാഹ്റൂർ. ഇറ്റ്ഫോക് നാടകോത്സവത്തിൽ ‘ടോൾഡ് മൈ മദർ’ എന്ന നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു അലി.
ലബനാനിൽ ആളുകൾ ഒത്തുകൂടാനും ചോദ്യങ്ങൾ ഉയർത്താനുമുള്ള ഏക പൊതു ഇടം എന്നത് തിയറ്റർ മാത്രമാണ്. സിറിയയിലേക്ക് പോയ മകനെ കാത്തിരുന്ന എന്റെ അമ്മായിയുടെ കഥയും മകനെ സിറിയയിലേക്ക് പറഞ്ഞയക്കാൻ ശ്രമം നടത്തിയ രാഷ്ട്രീയ -മതനേതൃത്വത്തെ വീട്ടിൽനിന്ന് അടിച്ചിറക്കിയ മറ്റൊരു ബന്ധുവിന്റെ കഥയുമാണ് ‘ടോൾഡ് ബൈ മദർ’ എന്ന നാടകത്തിലൂടെ അരങ്ങിലെത്തിക്കുന്നത്. അവരുടെ ദുഃഖങ്ങളും ചെറു വിജയങ്ങളും നാടകത്തിലൂടെ എന്റെ കാഴ്ചപ്പാടിലേക്ക് മാറ്റി അവതരിപ്പിച്ചു. അതിനാൽ, ഹൃദയത്തോടടുത്തുകിടക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഏഴുവർഷം സിറിയയിലേക്ക് പോയ മകനെ കാത്തിരുന്ന് എന്റെ അമ്മായി ഫാത്തിമ അർബുദം വന്നു മരിച്ചു.
മറ്റൊരു ബന്ധുവായ ലൈല, 15 വയസ്സായ മകൻ അബ്ബാസിനെ സായുധ പരിശീലനത്തിന് അയക്കുന്നത് തടഞ്ഞു. അതിന് പ്രേരിപ്പിച്ച പ്രാദേശിക രാഷ്ട്രീയ -മത നേതാക്കളോട് അവനെ എനിക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു. മക്കളുടെ ജീവിതത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും. അങ്ങനെ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഈ മാതാവും മകനും നാടകത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മതത്തിന്റെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ ജീവിതങ്ങളെ കൊലക്ക് കൊടുത്ത് നിരർഥകമായ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ചിലരുടെ കളികളുടെ ഭാഗമാകുന്നത് എന്തിനാണെന്ന് ഈ നാടകത്തിൽ ഉയർത്തുന്നുണ്ട്.
സെൻസർഷിപ്പിന്റെ പിടിയിൽ ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്ന ഭരണകൂടമാണ് ലബനാനിൽ. രാഷ്ട്രീയത്തെപ്പറ്റിയോ സെക്സിനെപ്പറ്റിയോ മതപരമായ പരാമർശങ്ങളോ ഒക്കെ വിലക്കുന്നു. ‘ടോൾഡ് ബൈ മദർ’ എന്ന നാടകവും സെൻസർഷിപ്പിന് കൊടുത്തിട്ടില്ല. എന്റെ വ്യക്തിപരമായ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ അനുവദിക്കില്ല. അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും നേരിടാൻ തയാറാണ്. ഒരുപക്ഷേ, ഞാൻ ജയിലിലായേക്കാം. സെൻസർഷിപ്പിന് തലവെച്ചുകൊടുക്കുന്നതിനേക്കാൾ നല്ലത് അതാണ്. സാമൂഹികപരമായും മതപരമായും രാഷ്ട്രീയപരമായും ഭരണകൂടത്തിന് എതിരാണ് എന്റെ നാടകങ്ങൾ. രണ്ടുവർഷം മുമ്പുണ്ടായ ബോംബ് സ്ഫോടനം ബൈറൂത്തിന്റെ സാമ്പത്തികാടിത്തറയെ ബാധിച്ചു. പല തിയറ്ററുകളും അടച്ചു. ബാക്കിയുള്ള തിയറ്ററുകളിൽ ജനം എത്തുന്നു. അവർക്ക് സംവദിക്കാവുന്ന ഏക പൊതു ഇടമാണത് -അലി ചാഹ്റൂർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.