ജസ്റ്റിസ് സി.ടി. രവികുമാറിന് ഹൈകോടതിയിൽ യാത്രയയപ്പ്
text_fieldsകൊച്ചി: സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിച്ച കേരള ഹൈകോടതി ജസ്റ്റിസ് സി.ടി. രവികുമാറിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്. ഹൈകോടതിയിലെ ഒന്നാം നമ്പർ കോടതി ഹാളിൽ ഫുൾ കോർട്ട് റഫറൻസിലൂടെയായിരുന്നു യാത്രയയപ്പ്.
കഠിനാധ്വാനവും വിനയവുമാണ് ജസ്റ്റിസ് സി.ടി. രവികുമാറിെൻറ ഏറ്റവും വലിയ യോഗ്യതയെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ആശംസ പ്രസംഗത്തിൽ പറഞ്ഞു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് തോമസ് എബ്രഹാം തുടങ്ങിയവരും ആശംസ നേർന്നു.
12 വർഷത്തോളം ഹൈകോടതി ജഡ്ജിയായിരുന്നതിെൻറ അനുഭവങ്ങൾക്കൊപ്പം പരമോന്നത കോടതിയിലേക്കുള്ള സ്ഥാനലബ്ധിയിൽ പങ്കാളികളായവരെയും സഹായിച്ചവരെയും ജസ്റ്റിസ് രവികുമാർ മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു.
ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലർക്കായിരുന്ന പിതാവ് പരേതനായ സി. തേവനെയും മാതാവ് വി. ടി. സരസ്വതിയെയും കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചപ്പോൾ വാക്കുകൾ ഇടറി. സഹോദരി പരേതയായ സി.ടി. രാധാമണിയെയും അഭിഭാഷക വൃത്തിയിലെത്തിയപ്പോൾ സീനിയർമാരും വഴികാട്ടികളുമായിരുന്ന മുതിർന്ന അഭിഭാഷകരെയും അനുസ്മരിച്ചു.
മാവേലിക്കര ബാറിെല അഭിഭാഷകനായിരുന്ന തന്നോട് എറണാകുളത്തെത്തി പ്രാക്ടീസ് തുടങ്ങാൻ നിർദേശിച്ചത് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.