ഫാം ഉടമയുടെ മരണം: പ്രതികളെ അറസ്റ്റ് ചെയ്യുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം
text_fieldsപത്തനംതിട്ട: രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതുകൊണ്ട് പിന്മാറിെല്ലന്ന് ചിറ്റാർ കുടപ്പനക്കുളത്ത് മരിച്ച മത്തായിയുടെ ബന്ധുക്കൾ. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യുംവരെ മൃതേദഹം സംസ്കരിക്കില്ലെന്ന് ഭാര്യ ഷീബയും മത്തായിയുടെ സഹോദരനും വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എന്ത് ഭീഷണി ഉണ്ടായാലും പിന്നോട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. അന്വേഷണം പ്രഹസനമായി മാറിയിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്യാൻപോലും തയാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായി വനംവകുപ്പുകാരുടെ കസ്റ്റഡിയിൽ മരിക്കുന്നത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാന്നിയിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള ഒരാളും ഉൾപ്പെട്ടിട്ടുള്ളതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തിയത് കുടുംബത്തിെൻറ ആരോപണത്തിന് ശക്തിപകരുന്നു. അന്വേഷണത്തലവൻ ആർ. പ്രദീപകുമാർ വിശദ റിേപ്പാർട്ട് കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. വനംവകുപ്പ് ഗുരുതര വീഴ്ച വരുത്തിയതായി അന്വഷണ റിപ്പോർട്ടിൽ പറയുന്നു.
ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ നിരവധി വൈരുധ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ സുഹൃത്ത് അരുൺ നൽകിയ മൊഴിയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴികളും തമ്മിലും വൈരുധ്യം ഉള്ളതായും അന്വേഷണസംഘത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. മത്തായിയെ രക്ഷിക്കാൻ അവസരമുണ്ടായിട്ടും വനപാലകർ ശ്രമിച്ചില്ല. വനപാലകർ തയാറാക്കിയ ജി.ഡി റിേപ്പാർട്ടിലും ഗുരുതര ക്രമക്കേടുകൾ നടന്നു. വൈകീട്ട് 3.30നാണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ, രാത്രി 10നാണ് ജി.ഡി റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.
തിരുത്തലുകളും വരുത്തിയിട്ടുണ്ട്. മൃഗവേട്ട നടന്നതായി ആരോ പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുക്കുന്നത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട നടപടിഫ പാലിച്ചിട്ടില്ല. കോടതി അനുമതിയില്ലാതെയാണ് വീട്ടിൽ പരിശോധന നടത്തിയത്. വനംവകുപ്പിെൻറ കാമറ മോഷണംപോയതായി പൊലീസിൽ പരാതിയും നൽകിയിട്ടില്ല. കുടപ്പനയിലുള്ള മത്തായിയുടെ വീട്ടിൽ പരിശോധിക്കാൻ പോകുമ്പാൾ കിണറ്റിലേക്ക് എത്തിനോക്കാൻ അനുവദിച്ചത് കടുത്ത വീഴ്ചയാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. 28ന് രാത്രി ഏഴിനാണ് സംഭവം.
എന്നാൽ, വനംവകുപ്പ് കേസ് രജിസ്റ്റർ ചെയുന്നത് 29നാണ്. ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് ഡിവൈ.എസ്.പി പ്രദീപ് കുമാർ പറഞ്ഞു. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്തായിയുടെ വീട് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം പി.ജെ. ജോസഫും എത്തി. സമരത്തിന് മൂർച്ചകൂട്ടി കോൺഗ്രസ് ചൊവ്വാഴ്ച മുതൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങുകയാണ്.
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് രംഗെത്തത്തിയിട്ടുണ്ട്. സി.പി.എമ്മിെൻറത് വിചിത്ര തീരുമാനമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ആഭ്യന്തരവകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി പ്രതികളെ അറസ്റ്റ് ചെയ്യാൻ തയാറാവുകയാണ് വേണ്ടതെന്നും അവർ പറയുന്നു.
ക്രിമിനൽ നടപടി സ്വീകരിക്കണം –ഉമ്മൻ ചാണ്ടി
ചിറ്റാർ: കുടപ്പന പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മത്തായിയുടെ വസതി സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കെസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിെൻറ സാമ്പത്തികസുരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മത്തായിയുടെ മാതാവ് പൊടിയമ്മ, ഭാര്യ ഷീബ, മക്കളായ സോന, ഡോണ എന്നിവർ ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി. ആേൻറാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, പഴകുളം മധു, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുംപുറം, അനിൽ തോമസ്, ലിജു ജോർജ്, അഡ്വ. സോജി മെഴുവേലി, റോയി എഴിക്കകത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഡി.എഫ്.ഒ ഒാഫിസിന് മുന്നിൽ സത്യഗ്രഹവുമായി കേരള കോൺഗ്രസ്
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഇന്നുമുതല്‍ റാന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ് പടിക്കല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം സംഘടിപ്പിക്കും. മത്തായിയുടെ ഭാര്യ ഷീബക്ക് സര്‍ക്കാര്‍ജോലി നല്‍കുക, അടിയന്തര സഹായമായി 50 ലക്ഷം രൂപ അനുവദിക്കുക, റാന്നിയിലെ ആരബിള്‍ ലാന്‍ഡ് ഉള്‍പ്പെടെ പട്ടയഭൂമി തിരികെപ്പിടിക്കാനുള്ള ഡി.എഫ്.ഒയുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന ഉന്നതാധികാര സമിതിയംഗം പ്രഫ. ഡി.കെ. ജോണ്‍, ജില്ല പ്രസിഡൻറ് വിക്ടര്‍ ടി.തോമസ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആദ്യദിനമായ ഇന്നു 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ് സത്യഗ്രഹം അനുഷ്ഠിക്കും. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ദീപു ഉമ്മനും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വനംവകുപ്പും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കണം –മാര്‍ ഐറേനിയോസ്
പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകരും വനം ഉദ്യോഗസ്ഥരുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് ആവശ്യപ്പെട്ടു. റാന്നി ചേത്തയ്ക്കലില്‍ പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൈവശംെവച്ച് കൃഷിചെയ്തു ജീവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല. പട്ടയം ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ മെല്ലേപ്പോക്ക് തുടരുന്നത് കര്‍ഷകരും വനം ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുന്നു.
വന്യജീവികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതു സംബന്ധിച്ച് നിത്യവും പരാതി ഉയര്‍ന്നിട്ടും പരിഹരിക്കാന്‍ ശ്രമമില്ലാത്തതും നഷ്ടപരിഹാരം ലഭിക്കാത്തതും ഖേദകരമാണ്. ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും മാര്‍ ഐറേനിയോസ് ആവശ്യപ്പെട്ടു. ഐറേനിയസും വികാരി ജനറല്‍ ഡോ. ഷാജി മാണികുളവും മത്തായിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
ന്യൂനപക്ഷ കമീഷന് കേസെടുത്തു
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരുന്ന കര്‍ഷകെൻറ മരണവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നതിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന് സ്വമേധയ കേസെടുത്തു.
ജില്ല പൊലീസ് മേധാവിയോടും ജില്ല ഫോറസ്റ്റ് ഓഫിസറോടും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കമീഷന് അംഗം അഡ്വ. ബിന്ദു എം.തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് കമീഷന് അംഗം അറിയിച്ചു.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച്
ചിറ്റാർ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കൊലക്കുറ്റം നടത്തിയ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും രേഖകളിൽ തിരിമറി നടത്താൻ കൂട്ടുനിന്ന ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച്. ഗ്രാമപഞ്ചായത്ത് അംഗം ബി.എസ്. സുമേഷ്കുമാർ, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് രാജൻ ഉതുപ്പാൻ, കെ.ടി.യു.സി കൺവീനർ കുര്യൻ തോമസ്, കോൺഗ്രസ് വാർഡ് പ്രസിഡൻറ് റെജി കൂട്ടുമ്മേൽ, ബി.ജെ.പി നേതാക്കളായ ബിജു താമരശ്ശേരി, പ്രസാദ് വാഴയിൽ, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി മത്തായി പുളിമൂട്ടിൽ പീടികയിൽ, ഗുരുനാഥൻമണ്ണ് ക്ലബ് പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ ചിറ്റാർ എസ്.ഐയുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.