വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ഫാം സ്കൂൾ പഠിതാക്കൾ
text_fieldsകൊച്ചി: ഞാറക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫാം സ്കൂൾ പദ്ധതിയിലെ പഠിതാക്കൾ വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ഒരുങ്ങുന്നു. 25 പേരടങ്ങുന്ന ക്ലസ്റ്ററിലൂടെ ഒരു സെന്റ് വീതം കണി വെള്ളരി, തണ്ണിമത്തൻ എന്നിവ തുടക്കത്തിൽ കൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പുതിയ കൃഷി നയമായ കൃഷിയിടാധിഷ്ഠിത വിള ആസൂത്രണത്തോടനുബന്ധിച്ചാണ് ഞാറക്കൽ കൃഷി ഭവനിൽ ഫാം സ്കൂൾ പദ്ധതി ആരംഭിച്ചത്. കൃഷി ഭവൻ പരിധിയിലെ കർഷകരുടെ പുരയിടം സന്ദർശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളേയും അനുയോജ്യമായ കൃഷി രീതികളേയും പറ്റി കർഷകർക്ക് ക്ലാസ് എടുത്തു കൊടുക്കുന്ന പദ്ധതിയാണ് ഫാം സ്കൂൾ.
കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുരയിടം സന്ദർശിച്ച് ക്ലാസുകൾ നടത്തിയത്. പദ്ധതി പ്രകാരം ആറ് ക്ലാസുകൾ പൂർത്തിയാക്കി ഞാറക്കൽ ഫാം സ്കൂൾ കഴിഞ്ഞ ദിവസം സമാപിച്ചു. ഓരോ കൃഷി ഭവനു കീഴിലും തിരഞ്ഞെടുത്ത കർഷകർക്കാണ് ആദ്യം ക്ലാസ് നൽകുന്നത്. കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാൽ രണ്ടാം ഘട്ടത്തിൽ പരമാവധി കർഷകർക്ക് അവസരം ലഭിക്കും. ഞാറക്കൽ കൃഷി ബ്ലോക്കിലെ രണ്ടാമത്തെ ഫാം സ്കൂളാണ് കൃഷി ഭവനിൽ ആരംഭിച്ചത്. പള്ളിപ്പുറം കൃഷി ഭവനും പദ്ധതി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.