അംഗീകാര നിറവിൽ മനംനിറഞ്ഞ് ഷാജി
text_fieldsമാനന്തവാടി: കൃഷിയുടെ അംഗീകാര നിറവിൽ മനംനിറഞ്ഞ് മാനന്തവാടി സ്വദേശി ഷാജി എളപ്പുപ്പാറ. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന ദേശീയ പുരസ്കാരമാണ് ഷാജിയെ തേടിയെത്തിയത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് വിവിധ ഇനം നാടൻ കിഴങ്ങ് വിളകളുടെ സംരക്ഷണം മുൻനിർത്തി വ്യക്തിഗത വിഭാഗത്തിലെ പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള സമ്മിശ്ര കൃഷിയാണ് 'കേദാരം' എന്നു പേരിട്ട കൃഷിയിടത്തിൽ ഷാജി നടത്തുന്നത്. കിഴങ്ങ് വർഗത്തിൽപെട്ട ഇരുനൂറിൽപരം ഇനങ്ങളാണ് ഇവിടെയുള്ളത്.
വിവിധയിനം ഇനം നാടൻ നെൽവിത്തുകൾ, പച്ചക്കറികൾ, വൈവിധ്യമാർന്ന ഔഷധച്ചെടികൾ, പശുക്കൾ, ആട്, കോഴി, തേനിച്ച, മത്സ്യകൃഷി, വളർത്ത് പക്ഷികൾ തുടങ്ങിയവും ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു.
ആദിവാസി വിഭാഗങ്ങളുടെയും കുടിയേറ്റ കർഷകരുടെയും പ്രധാന ആഹാരമായിരുന്ന കാട്ടുകിഴങ്ങ് വർഗങ്ങളായ നൂറോ കിഴങ്ങ്, അരി കിഴങ്ങ്, പുല്ലെത്തി കിഴങ്ങ് തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്. മാട്ടു കാച്ചിൽ, നീണ്ടി കാച്ചിൽ, ഇഞ്ചി കാച്ചിൽ, നീല കാച്ചിൽ, ചോര കാച്ചിൽ, കടുവ കൈയൻ തുടങ്ങി പലയിനം കാച്ചിലുകളും കേദാരത്തിലുണ്ട്. പാൽ ചേമ്പ്, താമര കണ്ണൻ, ചെറുചേമ്പ്, കുഴി നിറയൻ, കരീ ചേമ്പ്, മക്കളെ പോറ്റി തുടങ്ങി ചേമ്പിനങ്ങളും നാടൻ ചേന, നെയ്ചേന, കാട്ടുചേന, ചെറുകിഴങ്ങ്, നന കിഴങ്ങ്, മുക്കിഴങ്ങ്, പലയിനം മധുരക്കിഴങ്ങുകൾ, പലയിനം മരച്ചീനികൾ, 40 വ്യത്യസ്ത ഇനം മഞ്ഞളുകൾ, 30 ഇനം ഇഞ്ചികൾ, പലയിനം കൂവ വർഗങ്ങൾ എന്നിവയുടെ പരിപാലനവും നടത്തിവരുന്നു. ജീനോം സേവിയർ അവാർഡും ഇന്ത്യൻ ജൈവവൈവിധ്യ പുരസ്കാരവും അടക്കം ഒട്ടേറെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ജിജിയും മക്കളായ ഇമ്മാനുവൽ, ആൻ മരിയ എന്നിവരും കൃഷിയിടത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.