മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ കർഷകനെ പൊലീസ് ബന്ദിയാക്കിയതായി പരാതി
text_fieldsതൊടുപുഴ: മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ കർഷനെ ലോഡ്ജിന് പുറത്തിറങ്ങാൻ അനുവദിക്കാതെ പൊലീസ് ബന്ദിയാക്കിയതായി പരാതി. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയാണ് (56) പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചകഴിഞ്ഞ് മൂന്നരവരെ ലോഡ്ജിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് ദേവസ്യയുടെ ആക്ഷേപം.
2018ലെ പ്രളയത്തിൽ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷിസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ മുരിക്കാശ്ശേരിയിൽനിന്ന് 23ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തിരുവനന്തപുരത്തേക്ക് തൊപ്പിപ്പാള ധരിച്ചു പ്ലക്കാർഡുമായി കാൽനട ആരംഭിച്ചു.
തിങ്കളാഴ്ച മുഖ്യമന്ത്രി തൊടുപുഴയിൽ എത്തുന്നതറിഞ്ഞ് നേരിൽ കാണാനാണ് ദേവസ്യ തൊടുപുഴയിൽ മുറിയെടുത്തു തങ്ങിയത്. എന്നാൽ, രാവിലെ ഏഴോടെ മഫ്തിയിൽ രണ്ടുപേരെത്തി പൊലീസുകാരാണെന്നും താങ്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലെന്നും നേരത്തേ അനുവാദം ലഭിച്ചവർക്ക് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ അവസരമെന്നും പറഞ്ഞതായി ദേവസ്യ പറഞ്ഞു. തുടർന്ന് താൻ പുറത്തുപോകുന്നുണ്ടോയെന്നറിയാൻ കാവൽ നിൽക്കുകയും ചെയ്തു.
പൊലീസുകാരുടെ അകമ്പടിയോടെയാണ് ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയതെന്നും മുഖ്യമന്ത്രി തൊടുപുഴയിൽനിന്ന് പോയശേഷം വൈകുന്നേരമാണ് ലോഡ്ജിൽനിന്നിറങ്ങാൻ പൊലീസുകാർ അനുവദിച്ചതെന്നും ദേവസ്യ പറഞ്ഞു.
വിഷയത്തിൽ ഗാന്ധിദർശൻ വേദി പ്രവർത്തകർ കൂടി ഇടപെട്ടതിനെ തുടർന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ സ്ഥലത്തെത്തി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും സാന്നിധ്യത്തിൽ ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്തെത്തി വിഷയം ചർച്ചചെയ്യാമെന്ന് ഉറപ്പ് നൽകിയെന്നും ഈ സാഹചര്യത്തിൽ കാൽനടയാത്ര ഉപേക്ഷിച്ചതായും ദേവസ്യ ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.