പച്ചക്കറി സംഭരണം: ഹോർട്ടികോർപ്പിനെതിരെ കർഷകർ
text_fieldsതൊടുപുഴ: ഒാണമെത്തിയിട്ടും പച്ചക്കറി സംഭരണത്തിൽ ഹോർട്ടികോർപ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതിയുമായി ശീതകാല പച്ചക്കറി മേഖലയായ വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകർ. വട്ടവടയിൽ ലോഡുകണക്കിന് പച്ചക്കറി കെട്ടിക്കിടക്കുകയാണ്. ഇത് ഹോർട്ടികോർപിെൻറ അശാസ്ത്രീയ നടപടി മൂലമാണെന്ന് കർഷകർ പറയുന്നു. എന്നാൽ, സംഭരണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നാണ് ഹോർട്ടികോർപിെൻറ നിലപാട്.
ഇൗ ഒാണക്കാലത്ത് വട്ടവടയും കാന്തല്ലൂരും ഉൾപ്പെടുന്ന ദേവികുളം താലൂക്കിൽനിന്ന് 500 ടൺ പച്ചക്കറി സംഭരിക്കാനാണ് ഹോർട്ടികോർപ് ലക്ഷ്യമിട്ടത്. ഇൗ മാസം 18 വരെയാണ് സംഭരണം. എന്നാൽ, കഴിഞ്ഞവർഷങ്ങളിലേതുപോലെ പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയവ വിളവെടുത്ത് എത്തിച്ചിട്ടും സംഭരണം നടക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഉണങ്ങിയില്ലെന്ന പേരിൽ വെളുത്തുള്ളിയും സംഭരിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും മികച്ചതാണ് വട്ടവടയിലെ വെളുത്തുള്ളി എന്ന് നേരേത്ത വട്ടവട സന്ദർശിച്ച മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. മുൻവർഷങ്ങളിൽ ഒാണക്കാലത്ത് പത്തിലധികം ലോറി പച്ചക്കറി പോയിരുന്നെങ്കിൽ ഇത്തവണ മൂന്ന് ലോറിയേ പോയിട്ടുള്ളൂ എന്നും കർഷകർ പറയുന്നു.
പൊതുവിപണിയിലേതിെനക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഹോർട്ടികോർപ് പച്ചക്കറി സംഭരിക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. കർഷകർക്ക് വാഗ്ദാനം ചെയ്ത വില സംഭരണ സമയത്ത് ഉറപ്പാക്കുന്നില്ലത്രെ. പച്ചക്കറി സംഭരിച്ച വകയിൽ എട്ടുമാസമായി കർഷകർക്ക് പണം ലഭിച്ചിട്ടില്ല. ഒാണത്തിനുമുമ്പ് കുടിശ്ശിക തീർക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയായില്ല. അതേസമയം, സംഭരണ നടപടികൾ അട്ടിമറിച്ച് കർഷകരിൽനിന്ന് കുറഞ്ഞവിലയ്ക്ക് ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ചില ഇടനിലക്കാരും രംഗത്തുണ്ട്.
115 ടൺ സംഭരിച്ചു -ഹോർട്ടികോർപ്
തൊടുപുഴ: സംഭരണം തുടങ്ങിയ ഇൗ മാസം 13നുശേഷം ഇതുവരെ വട്ടവടയിൽനിന്ന് 80 ടൺ പച്ചക്കറിയും കാന്തല്ലൂരിൽനിന്ന് 35 ടൺ ഉരുളക്കിഴങ്ങും സംഭരിച്ചിട്ടുണ്ടെന്ന് ഹോർട്ടികോർപ് ജില്ല മാനേജർ അറിയിച്ചു. ആദ്യ നാല് ദിവസം വട്ടവടയിലെത്തിയ ലോറികൾ ആവശ്യത്തിന് പച്ചക്കറി കിട്ടാതെ മടങ്ങി. തിങ്കളാഴ്ച ലോഡുകണക്കിന് പച്ചക്കറികൾ കർഷകർ ഒരുമിച്ച് എത്തിച്ചതാണ് കെട്ടിക്കിടക്കാൻ കാരണം. ഇതും സംഭരിക്കാനാണ് ശ്രമം.
പൊതുവിപണിയിലേതിെനക്കാൾ ഉയർന്ന വിലയാണ് ഹോർട്ടികോർപ് നിശ്ചയിച്ചിട്ടുള്ളത്. വില ഉയരുമെന്ന പ്രതീക്ഷയിൽ ചില കർഷകർ ഉൽപന്നങ്ങൾ പിടിച്ചുവെക്കുന്നതിനാൽ ലക്ഷ്യമിട്ടതുപോലെ സംഭരിക്കാനാവാത്ത അവസ്ഥയാണ്. വെളുത്തുള്ളി ശരിയായി ഉണക്കി നൽകിയാൽ എത്രയും സംഭരിക്കാൻ ഒരുക്കമാണ്. കർഷകരുടെ കുടിശ്ശിക തീർക്കാൻ ജില്ലക്ക് 1.4 കോടി ലഭിച്ചിട്ടുണ്ട്. 58 ലക്ഷത്തിെൻറ കുടിശ്ശിക തീർക്കാനും ഇത്തവണ സംഭരിക്കുന്നതിെൻറ തുക നൽകാനും ഇത് മതിയാകുമെന്നും ജില്ല മാനേജർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.