ഓണത്തിന് കൃഷിവകുപ്പിന്റെ 2010 നാടൻ കർഷക ചന്തകൾ
text_fieldsതിരുവനന്തപുരം: കൃഷിവകുപ്പിന്റെ വിപണി ഇടപെടൽ നടപടികളുടെ ഭാഗമായി ഓണം സീസണിൽ 2010 നാടൻ കർഷക ചന്തകൾ സജ്ജീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് വാർത്താക്കുറിപ്പിലറിയിച്ചു. കൃഷിവകുപ്പിനൊപ്പം ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികൾ സംഘടിപ്പിക്കുന്നത്.
കൃഷിവകുപ്പിന്റെ 1350 കർഷക ചന്തകളും ഹോർട്ടികോർപിന്റെ 500 ചന്തകളും വി.എഫ്.പി.സി.കെയുടെ 160 ചന്തകളുമാണ് സംസ്ഥാനമൊട്ടാകെ സെപ്റ്റംബർ നാലുമുതൽ ഏഴു വരെയുള്ള നാലു ദിവസങ്ങളിലായി പ്രവർത്തിക്കുക. കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ മൂന്നിന് വൈകീട്ട് തിരുവനന്തപുരം പാളയത്തെ ഹോർട്ടികോർപ് വിപണിയിൽ നിർവഹിക്കും. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപവത്കൃതമായ കൃഷിക്കൂട്ടങ്ങൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ഇക്കോ ഷോപ്പുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവൻ തലത്തിൽ വിപണികൾ സംഘടിപ്പിക്കുക.
ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണവിപണികളിലേക്ക് ആവശ്യമായ പഴം- പച്ചക്കറികൾ പരമാവധി അതത് ജില്ലകളിലെ കർഷകരിൽനിന്നുമായിരിക്കും സംഭരിക്കുക. കർഷകരിൽനിന്നും ലഭിക്കാത്ത പച്ചക്കറികൾ മാത്രം ഹോർട്ടികോർപ് അയൽസംസ്ഥാനങ്ങളിലെ കർഷക ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് എത്തിക്കും.
ഓണവിപണിക്കായി കർഷകരിൽനിന്നു നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ വിലയെക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്നതും ഓണവിപണികളിലൂടെ വിൽപന നടത്തുമ്പോൾ പൊതുവിപണിയിലെ വിൽപന വിലയെക്കാൾ 30 ശതമാനം കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.