Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യജീവികളും വനം...

വന്യജീവികളും വനം ഉദ്യോഗസ്ഥരും പൊറുതിമുട്ടിക്കുന്നുവെന്ന്​ കർഷകർ; പൊട്ടിത്തെറിച്ച്​ പീരുമേട്​ എം.എൽ.എ

text_fields
bookmark_border
Vazhoor Soman, ak saseendran,
cancel

പശ്ചിമഘട്ടത്തിലെ 53 നിയമസഭാ മണ്ഡലത്തിലും വന്യജീവികളടെയും വനം ഉദ്യോഗസ്ഥരുടെയും ‘മുന്നണി ഭരണ’മാണ്​. പ്രതിപക്ഷത്ത്​ കുടിയേറ്റ കർഷകരും. കാലങ്ങളായി പറഞ്ഞു കേൾക്കുന്ന ഈ തമാശക്ക്​ ഗൗരവ സ്വഭാവം വന്നത്​ കഴിഞ്ഞ ദിവസം പീരുമേട്​ എം.എൽ.എ വാഴൂർ സോമൻ നിയമസഭയിൽ പൊട്ടിത്തെറിച്ചതോടെയാണ്​. ‘‘വന്യമൃഗങ്ങളെ കൊണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ജനങ്ങള്‍ പൊറുതിമുട്ടി. വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ പണി എന്താണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗൗരവമായി പരിശോധിക്കണം. അല്‍പം റവന്യൂഭൂമി തരിശായി കിടക്കുന്നത് കണ്ടാല്‍ ഉടന്‍ വനഭൂമിയാക്കാന്‍ വനം വകുപ്പ് ഇറങ്ങും. മൗണ്ട് സത്രം പ്രദേശത്ത് എയര്‍ സ്ട്രിപ്പ് പണിയുന്നതിനെ തടസ്സപ്പെടുത്തുകയാണ്. രേഖകള്‍ ചോദിച്ചാല്‍ ഇല്ലെന്നാണ് മറുപടി. 1000 കുട്ടികളെ പരിശീലിപ്പിക്കാനുള്ള പദ്ധതിക്കാണ് വനം വകുപ്പ് തുരങ്കം വച്ചത്.

മന്ത്രി പറഞ്ഞാല്‍ ഐ.എഫ്.എസുകാര്‍ കേള്‍ക്കുമോയെന്ന് സംശയമുണ്ട്. മുല്ലപെരിയാര്‍ പൊലീസ് സ്റ്റേഷനു അഞ്ചേക്കര്‍ സ്ഥലം അനുവദിച്ച് കെട്ടിടം പണി ആരംഭിച്ചപ്പോള്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു. കോടികള്‍ മുടക്കി കെ.ടി.ഡി.സി. കെട്ടിടം പണിതപ്പോള്‍ അത് മുടക്കി. പാഞ്ചാലിമേട്ടില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി 90 ശതമാനം പൂര്‍ത്തിയായി. അവിടെയും സ്റ്റോപ്പ് മെമ്മോയുമായി വനം വകുപ്പ് വന്നു. ഇങ്ങനെ പോയാല്‍ എവിടെ ചെന്നു നില്‍ക്കും.

വന്യമൃഗങ്ങള്‍ താലൂക്ക് ഓഫീസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. അതിനെ ഒന്നോടിച്ചു വിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല. വനം ഇടുക്കിയിലും ജില്ലാ ഡി.എഫ്.ഒ ഓഫീസ് കോട്ടയത്തുമാണ്. തലതിരിഞ്ഞ പരിപാടികളാണ് വനം വകുപ്പില്‍ നടക്കുന്നത്’’. വാഴൂര്‍ സോമന്‍ തുറന്നടിച്ചു.

താന്‍ രാജിവച്ചാല്‍ തീരുന്നതാണോ വന്യജീവി സംഘര്‍ഷമെന്നും രാജിവച്ചും വെടിവെച്ചും പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നുമൊക്കെ പറഞ്ഞു വനം മന്ത്രി ശശീന്ദ്രൻ തടിയൂരി. ഭരണകക്ഷിയിലെ രണ്ടു പ്രമുഖർ തമ്മിൽ ഏറ്റുമുട്ടാൻ മാത്രം ഇപ്പോൾ എന്തുണ്ടായി എന്നു പരിശോധിക്കുന്നത്​ നല്ലതാണ്​. 1971 ലെ കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെയും അതേ വര്‍ഷത്തെ സ്വകാര്യവനം ഏറ്റെടുക്കല്‍ നിയമത്തിന്റെയും ലക്ഷ്യം അഗ്രേറിയന്‍ റിഫോംസിന്റെ ഭാഗമായി രണ്ട് ലക്ഷത്തില്‍ പരം ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാനായിരുന്നു. എന്നാല്‍ നിയമസഭ പോലും അറിയാതെ ഈ ഭൂമി മുഴുവന്‍ വനമാക്കി. ഇതിനു പരിഹാരമായി 27 ലക്ഷം ഭൂരഹിതരുള്ള കേരളത്തില്‍ ലോ റേഞ്ചിലെ രണ്ട് ലക്ഷത്തില്‍പരം ഹെക്ടര്‍ തേക്ക്, യൂക്കാലി, മാഞ്ചിയം തോട്ടങ്ങൾ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.​ പക്ഷേ ആരും മൈൻഡ്​ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ്​ വനം മന്ത്രി പറഞ്ഞാല്‍ ഐ.എഫ്.എസുകാര്‍ കേള്‍ക്കില്ല എന്ന വാഴൂർ സോമന്‍റെ പരോക്ഷ പരാമർശത്തിന്​ കൈയ്യടി കൂടുതൽ കിട്ടുന്നത്​​.

കേരളത്തിലെ 524193 സര്‍ക്കാര്‍ ജീവനക്കാരെ മൊത്തത്തില്‍ നയപരമായും നിയമപരമായും നിയന്ത്രിക്കുന്ന സെക്രട്ടറിയേറ്റില്‍ 45 അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരാണുള്ളത്. ജില്ലാ കലക്ടര്‍/സബ് കലക്ടര്‍ അടക്കം ജില്ലാ ഭരണം നിയന്ത്രിക്കുന്നത് ലാന്‍ഡ് റവന്യു വകുപ്പാണ്. കലക്ടര്‍മാര്‍ അടക്കം 25 അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരാണ് ലാന്‍ഡ് റവന്യുവിലുള്ളത്. അറുപതിനായിരത്തിൽ പരം അംഗങ്ങളുള്ള പൊലീസ് സേനയെ നയിക്കാന്‍ 78 അഖിലേന്ത്യാ സര്‍വീസുകാര്‍ (ഐ.പി.എസ്.) മാത്രമാണുള്ളത്​. ഈ മൂന്ന് മേഖലകളാണ് സംസ്ഥാന ഭരണത്തിലെ നിര്‍ണ്ണായക ശക്തികേന്ദ്രങ്ങള്‍. ആകെയുള്ള 284 അഖിലേന്ത്യാ സര്‍വീസുകാരില്‍ 148 പേരും ഭരണ നിര്‍വഹണ ക്രമസമാധാന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാൽ, വനം വകുപ്പിൽ 6741 ജീവനക്കാരെ നയിക്കാന്‍ 50 അഖിലേന്ത്യ സര്‍വ്വീസുകാ(ഐ.എഫ്.എസ്)രുണ്ട്​. വനംവകുപ്പിലെ ഒരു അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥന്റെ കീഴില്‍ പണിയെടുക്കുന്നത് കേവലം 135 പേര്‍ മാത്രമാണ്.

വനംവകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തില്‍തന്നെ നിരവധി അധികാര കേന്ദ്രങ്ങളാണ് ഉള്ളത്. ഹെഡ് ഫോറസ്റ്റ് ഫോഴ്‌സ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്, ഫോറസ്റ്റ് മാനേജ്‌മെന്റ് ആന്റ് നോഡല്‍ ഓഫീസര്‍, സോഷ്യല്‍ ഫോറസ്ട്രി, വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, കാംപാ, സ്‌പെഷ്യല്‍ ഫോറസ്റ്റേഷന്‍ (വനവല്‍ക്കരണം) ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, വനഭൂമി വിഭവങ്ങള്‍ എന്നിങ്ങനെ ചുമതലകൾ സൃഷ്ടിച്ച്​ പലര്‍ക്കായി നല്‍കിയിരിക്കുകയാണ്​. ഓരോരുത്തരും വിശാലമായ ഓഫീസ് നെറ്റ്‌വര്‍ക്കാണ് വനംവകുപ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്രവനം പരിസ്ഥിതി വകുപ്പ് അംഗീകരിച്ച 2021 ലെ കണക്കുകള്‍ പ്രകാരം 38852 ചതുരശ്ര കിലോമീറ്റർ​​ വിസ്തതിയുള്ള കേരളത്തില്‍ 9679 ചതുരശ്ര കിലോമീറ്റർ​​ മാത്രമാണ് വനം. എന്നാല്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങൾ സൃഷ്ടിക്കുന്ന വനാവരണം 11574 ചതുരശ്ര കിലോമീറ്റർ​​ ഉണ്ട്​. സംസ്ഥാനത്തെ മൊത്തം വനാവരണത്തില്‍ സര്‍ക്കാര്‍ വനത്തിന്‍റെ പങ്ക് 45.5 ശതമാനവും മാത്രമാണെങ്കില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരങ്ങള്‍ 54.5 ശതമാനവുമാണ്​.

തമിഴ്‌നാട്ടില്‍ 130060 ചതുരശ്ര കിലോമീറ്റർ​​യില്‍ 26419 ച.കി.മീ (20.31 ശതമാനം​​) കര്‍ണാടകത്തിലെ 191791 ചതുരശ്ര കിലോമീറ്ററിൽ​​ 38730 (20.19 ശതമാനം​​) തെലുങ്കാനയിലെ 112077 ചതുരശ്ര കിലോമീറ്ററിൽ​​ 21214 (18.93 ശതമാനം​​) ആന്ധ്രയില്‍ 162968 ചതുരശ്ര കിലോമീറ്ററിൽ​​ 29784 (18.28 ശതമാനം​​) ച.കി.മീ ഭൂമി മാത്രമാണ് സര്‍ക്കാര്‍ വന, സ്വകാര്യ വൃക്ഷാവരണ ഭൂമിയുള്ളത്. ഇങ്ങനെയുള്ള കേരളത്തില്‍, മരംവച്ചു പിടിപ്പിക്കാനുള്ള വനംവകുപ്പിന്റെ സാമൂഹിക വനവത്​ക്കരണ വിഭാഗത്തിന്‍റെ പ്രവർത്തനം രസകരമാണ്​. മൂന്നു സര്‍ക്കിള്‍ ഓഫീസുകള്‍, 17 ഡിവിഷനുകള്‍, 32 റേഞ്ചുകള്‍ എന്നിവ ഉൾപെടുന്ന പടുകൂറ്റൻ സംവിധാനമാണിത്​. മൂന്ന് ഐ.എഫ്.എസുകാർ കൊല്ലത്തും എറണാകുളത്തും കോഴിക്കോട്ടുമിരുന്ന് സാമൂഹിക വനവല്‍ക്കണത്തെ നയിക്കുന്നു.

2021 വരെ 12 ഘട്ടങ്ങളിലായി കേരളത്തില്‍ 8.3 കോടി മരതൈകള്‍ സാമൂഹിക വനവല്‍ക്കരണ വകുപ്പ്, വിതരണം ചെയ്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ എത്രയെണ്ണം മരമായി എന്ന കണക്കില്ല. എന്നാല്‍ കര്‍ഷകര്‍ക്ക് മരങ്ങള്‍ നടുന്നതിനായി സാമ്പത്തിക പിന്തുണ നല്‍കുന്ന ''Scheme for Incentivization of private forestry'' എന്ന പദ്ധതിയില്‍ മിനിമം 50 മരങ്ങള്‍ നടുന്ന കര്‍ഷകര്‍ക്ക് മരം ഒന്നിന് 50 രൂപ വീതം സഹായം നല്‍കും. 200 മരങ്ങള്‍ വരെ 50 രൂപ മരമൊന്നിന് കിട്ടും. 201 - 400 മരങ്ങളാണെങ്കില്‍ മരമൊന്നിന് 40 രൂപയും 401-625 മരങ്ങള്‍ക്ക് മരമൊന്നിന് 30 രൂപയും കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. എന്നാൽ, ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ വനം വകുപ്പിന് താല്പര്യമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildlifeVazhoor Somanforest officialsPeermade MLA
News Summary - Farmers say wildlife and forest officials clash; Peerumede MLA exploded
Next Story