തകഴിയിലെ കർഷകന്റെ ആത്മഹത്യ: പ്രസാദിന് മികച്ച സിബിൽ സ്കോർ; മരണകാരണം പി.ആർ.എസ് വായ്പയല്ല -മന്ത്രി അനിൽ
text_fieldsതിരുവനന്തപുരം: ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ സിബിൽ സ്കോറിനെ പി.ആർഎസ് വായ്പ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 800ന് മുകളിൽ മികച്ച സിബിൽ സ്കോർ പ്രസാദിനുണ്ടായിരുന്നെന്നും വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി. മുരളീധരനും മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയുമായിരുന്ന കാലത്താണ് പി.ആർ.എസ് വായ്പ പദ്ധതി നടപ്പാക്കിയത്. 2014 ഡിസംബർ 11ന് ഇതുസംബന്ധിച്ച് അനൂപ് ജേക്കബ് നിയമസഭയിൽ നൽകിയ മറുപടിയാണ് ഇതിനുള്ള തെളിവ്. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന സമ്പ്രദായമാണോ കർഷകദ്രോഹമെന്ന് വി.ഡി. സതീശൻ പറയുന്നത്.
പി.ആർ.എസ് വായ്പാബാധ്യത കർഷകന്റെ വ്യക്തിഗത ബാധ്യതാ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ബാങ്കുകൾ അറിയിച്ചത്. സംഭരിക്കുന്ന നെല്ല് റേഷൻ കടകൾ വഴി വിതരണം ചെയ്തശേഷമേ കേന്ദ്രത്തിലേക്ക് ക്ലെയിം കൊടുക്കാൻ കഴിയൂ. കേന്ദ്രം ഈ വ്യവസ്ഥ മാറ്റണം. സപ്ലൈകോ കർഷകരിൽനിന്ന് നെല്ല് അളന്നെടുത്താലുടൻ ക്ലെയിം സമർപ്പിക്കാൻ കഴിയണം.
നെല്ല് സംഭരിച്ച വകയിൽ എം.എസ്.പി ഇനത്തിൽ 2017-18 വർഷം മുതൽ 2023-24 വരെ 790.82 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് കിട്ടാനുള്ളത്. സപ്ലൈകോ ഓഡിറ്റ് പൂർത്തിയാക്കിയ കണക്ക് നൽകാത്തതുകൊണ്ടാണ് കുടിശ്ശിക തരാത്തതെന്നാണ് കേന്ദ്രം പറയുന്നത്.
2018-‘19 വരെയുള്ള സപ്ലൈകോയുടെ ഓഡിറ്റ് പൂർത്തിയായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഏഴു വർഷത്തിൽ ഒന്നിൽ പോലും കേന്ദ്രവിഹിതം പൂർണമായി കിട്ടിയിട്ടില്ല. ഈ വർഷം ആഗസ്റ്റ് 14ന് ലഭിച്ച 34.3 കോടി രൂപയാണ് ഒടുവിൽ കിട്ടിയ കേന്ദ്രവിഹിതമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് പൂർത്തിയായില്ലെങ്കിൽ കേന്ദ്രം തരാനുള്ളതിൽ താങ്ങുവില ഒഴിച്ചുള്ള മറ്റു ചെറിയ ഇനങ്ങളുടെ അഞ്ചു ശതമാനമാണ് തടഞ്ഞുവെക്കുക. ഇതു മൊത്തം കേന്ദ്ര വിഹിതത്തിന്റെ ഒരു ശതമാനം മാത്രമാണ്. 2017-2018, 2018-2019 വർഷങ്ങളിലേത് ഒഴിവാക്കിയാൽ വലിയ തുകയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ വിഹിതം 800 കോടിയോളം വരും.
സംസ്ഥാന വിഹിതത്തിൽ അധിക റേഷൻ വിതരണം ചെയ്തെന്നും വെള്ള കാർഡുകാർക്ക് എഫ്.സി.ഐയിൽനിന്ന് കിലോക്ക് 8.30 രൂപ വാങ്ങുന്ന അരി 10.90 രൂപക്ക് വിതരണം ചെയ്തെന്നുമാണ് തുക തടഞ്ഞുവെച്ചിരിക്കുന്നതിന് കാരണമായി കേന്ദ്രം പറയുന്നത്.
കേന്ദ്രം റേഷൻ പരിധിയിൽ പുറത്താക്കിയ 57 ശതമാനം ജനങ്ങൾക്കാണ് നീല, വെള്ള കാർഡുകാരായി തിരിച്ച് കേരളം അരി നൽകുന്നത്. നീല കാർഡുകാർക്ക് 8.30 രൂപക്ക് വാങ്ങുന്ന അരി നാലു രൂപക്കും വെള്ള കാർഡുകാർക്ക് 10.90 രൂപക്കുമാണ് അരി നൽകുന്നത്. ഈ രണ്ടു കാര്യങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.