കർഷക ആത്മഹത്യ: കണക്ക് മറച്ചുവെക്കാൻ കേന്ദ്രത്തിെൻറ കള്ളക്കളി
text_fieldsകൊച്ചി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കണക്ക് പുറത്തുവരാതിരിക്കാൻ കേന്ദ്രസർക്കാറിെൻറ കള്ളക്കളി. കർഷകർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ മറച്ചുവെക്കുന്നതിെൻറ ഭാഗമായി രാജ്യത്തെ ആത്മഹത്യ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് മൂന്നുവർഷമായി നിർത്തിവെച്ചിരിക്കുകയാണ്. 2015ലാണ് അവസാനമായി ദേശീയ ക്രൈം െറേക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) ആത്മഹത്യ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
എൻ.സി.ആർ.ബിയാണ് ഒാരോ വർഷവും രാജ്യത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനൊപ്പം ആത്മഹത്യയുടെ സ്ഥിതിവിവര കണക്കുകളും പ്രസിദ്ധീകരിക്കുന്നത്. 1967 മുതൽ 2015 വരെയുള്ള കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മോദി ഭരണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കർഷക ആത്മഹത്യകൾ വർധിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് പുറത്തുവിട്ടിട്ടില്ല. എൻ.സി.ആർ.ബി ഒാരോ വർഷവും പ്രസിദ്ധീകരിക്കുന്ന ആത്മഹത്യയെയും അപകടങ്ങളെയും സംബന്ധിച്ച റിപ്പോർട്ടിൽ കർഷക ആത്മഹത്യ പ്രത്യേക വിഭാഗമായിതന്നെ നൽകാറുണ്ട്.
ജീവനൊടുക്കിയ കർഷകരുടെ എണ്ണത്തിനുപുറമെ ആത്മഹത്യയുടെ കാരണങ്ങൾ, ആത്മഹത്യ ചെയ്തവരുടെ സാമൂഹികവും തൊഴിൽപരവുമായ പശ്ചാത്തലം തുടങ്ങിയ വിവരങ്ങളും സംസ്ഥാനങ്ങൾ തിരിച്ച് റിപ്പോർട്ടിൽ ചേർത്തിരിക്കും. ആത്മഹത്യ ചെയ്ത കർഷകരുടെ കൃത്യമായ കണക്ക് പുറത്തുവരുമെന്നതിനാൽ റിപ്പോർട്ട് അപ്പാടെ പൂഴ്ത്തിവെച്ചിരിക്കുകയാണ്. രഹസ്യസ്വഭാവവും വൈകാരിക മാനവുമുള്ളതിനാൽ തൽക്കാലം കണക്ക് നൽകാനാവില്ലെന്ന മറുപടിയാണ് ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷയുമായി സമീപിച്ചവർക്ക് എൻ.സി.ആർ.ബി നൽകിയ മറുപടി.
എൻ.സി.ആർ.ബിയുടെ റിപ്പോർട്ട് പ്രകാരം 2014ൽ 5650 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. മോദി അധികാരത്തിലെത്തി ഒന്നര വർഷത്തിനുശേഷം പ്രസിദ്ധീകരിച്ച 2015ലെ റിപ്പോർട്ടിൽ ഇത് 8007 ആയി ഉയർന്നു. രാജ്യത്തെ മൊത്തം ആത്മഹത്യയുടെ 9.4 ശതമാനം വരുമിത്. ദാരിദ്ര്യവും കടക്കെണിയുമാണ് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയാണ് കർഷക ആത്മഹത്യയിൽ മുന്നിലെന്നതും ശ്രദ്ധേയം. എണ്ണത്തിൽ കുത്തനെയുണ്ടായ വർധന വലിയ ചർച്ചയായതോടെയാണ് എല്ലാത്തരം ആത്മഹത്യയുടെ കണക്കും കേന്ദ്രം പൂഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.