കർഷക ക്ഷേമനിധി ബോർഡിനെ പരിഗണിച്ചില്ല; കിസാൻസഭയെ ഇറക്കി സി.പി.ഐ എതിർപ്പ്
text_fieldsകാസർകോട്: ഏറ്റവും മികച്ച കർഷക ആഭിമുഖ്യമുള്ള പരിപാടിയായി എൽ.ഡി.എഫ് പ്രകടനപത്രികയിൽ അവതരിപ്പിച്ച കർഷക ക്ഷേമനിധി ബോർഡിനെ ബജറ്റ് തൊട്ടില്ല. ഒരു രൂപപോലും അനുവദിക്കാത്ത നടപടിയോട് കിസാൻസഭയെ ഇറക്കി സി.പി.ഐ പ്രതിഷേധം. കേന്ദ്രസർക്കാറിന്റെ കാർഷിക നയങ്ങൾക്കെതിരായ സമരത്തിനാണ് ഊന്നലെങ്കിലും സംസ്ഥാന സർക്കാറും കർഷകരെ മറക്കുന്നുവെന്ന് അക്കമിട്ട് നിരത്തിക്കൊണ്ടാണ് രണ്ട് ജാഥകൾ ഫെബ്രുവരി 10 മുതൽ മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നത്. തിരുവനന്തപുരം ജാഥ ഉദ്ഘാടനം ചെയ്യുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.
കഴിഞ്ഞ ഇടതുസർക്കാറിന്റെ അവസാനവർഷം ഒക്ടോബർ 14നാണ് ബോർഡ് നിലവിൽവന്നത്. എൽ.ഡി.എഫിന്റെ ഏറ്റവും മികച്ച കർഷകബന്ധ പദ്ധതിയായി ഉയർത്തിക്കാട്ടിയ ബോർഡ് 60 വയസ്സ് പൂർത്തിയായ കർഷകർക്ക് പ്രതിമാസം പരമാവധി 5000 രൂപ പെൻഷൻ വാഗ്ദാനം ചെയ്തിരുന്നു. 30 ലക്ഷം കർഷകർ അംഗമായിരിക്കേണ്ട പദ്ധതിയിൽ ഇതുവരെ 25,000 പേരേ അംഗമായിട്ടുള്ളൂ. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ചിരുന്നുവെങ്കിലും ഈ ബജറ്റിൽ ബോർഡിനെ പൂർണമായും ഒഴിവാക്കി. പ്രാഥമികപ്രവർത്തനത്തിന് തുക അനുവദിച്ചാൽ മാത്രമേ ബോർഡ് പ്രവർത്തനം നടത്താൻ കഴിയൂ. ധനവകുപ്പാണ് തടസ്സം നിൽക്കുന്നത്. സി.പി.ഐയുടെ കീഴിലുള്ള കൃഷിവകുപ്പിനാണ് ബോർഡിന്റെ ചുമതല. ചെയർമാൻ സ്ഥാനവും സി.പി.ഐക്കാണ്.
കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങൾക്ക് ബദൽ നയങ്ങൾ രൂപവത്കരിക്കുകയെന്ന ലക്ഷ്യമുള്ള ഇടതുസർക്കാർ കൃഷിക്കാരോട് സ്വീകരിക്കേണ്ട സമീപനം കർഷകക്ഷേമ ബോർഡിനോട് കാണിക്കുന്നില്ല എന്നാണ് സി.പി.ഐയുടെ ആക്ഷേപം. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ മഹാകർഷക സംഗമത്തോടെ സമാപിക്കുന്ന കർഷക മാർച്ചിനുശേഷം കിസാൻസഭ നേതാക്കൾ മുഖ്യമന്ത്രിയെയും കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.