കടം തീരാതെ കർഷകർ; കൈമലർത്തി സർക്കാർ
text_fieldsകൊച്ചി: നെൽകർഷകർക്ക് പുറമെ സാധാരണക്കാരായ മറ്റ് കർഷകരുടെയും സർക്കാർ സഹായത്തിനായുള്ള കാത്തിരിപ്പ് മാസങ്ങൾ പിന്നിടുന്നു. മഴയും കാറ്റും വരൾച്ചയുമടക്കം പ്രകൃതി ദുരന്തങ്ങളിൽ വിളകൾ നശിച്ചവരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഈ ഇനത്തിൽ 40 കോടിയിലധികം രൂപയാണ് സർക്കാർ കർഷകർക്ക് നൽകാനുള്ളത്.
കനത്ത മഴയിലും കാറ്റിലും ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ടവരാണ് സർക്കാറിന്റെ തുച്ഛമായ സഹായംപോലുമില്ലാതെ കടക്കെണിയിലായത്. കൃഷിഭവനുകളിൽ അന്വേഷിക്കുമ്പോൾ ഫണ്ട് ലഭിച്ചിട്ടില്ലെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നത്. കർഷകരുടെ കുടിശ്ശിക കൊടുത്തുതീർക്കാൻ തുക ആവശ്യപ്പെട്ട് കൃഷി വകുപ്പ് മാസങ്ങൾക്ക് മുമ്പുതന്നെ കത്ത് നൽകിയിട്ടുണ്ടെങ്കിലും ധനവകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സർക്കാറിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ കുടിശ്ശിക എന്ന് കൊടുത്ത് തീർക്കാനാകുമെന്ന് കൃഷി വകുപ്പ് അധികൃതർക്കും കൃത്യമായി പറയാനാകുന്നില്ല. പച്ചക്കറി സംഭരിച്ച വകയിൽ ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട മേഖലയിലടക്കമുള്ള കർഷകർക്ക് ഹോർട്ടികോർപ് വഴിയും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്.
മഴയും വരൾച്ചയുംമൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിന് പുറമെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള (എസ്.ഡി.ആർ.എഫ്) വിഹിതവും കുടിശ്ശികയായിട്ടുണ്ട്. രണ്ടര വർഷത്തിനിടെ കർഷകർ സമർപ്പിച്ച രേഖകൾ പരിശോധിച്ച് കൃഷിവകുപ്പ് അംഗീകരിച്ച ക്ലെയിമുകൾ പ്രകാരം 50 കോടിയിലധികം രൂപ കുടിശ്ശിക നിലനിൽക്കെ സർക്കാർ ഈ ആവശ്യത്തിന് അനുവദിച്ചത് ഏഴരക്കോടി മാത്രമാണ്. ഇതിൽ നടപ്പ് സാമ്പത്തിക വർഷം മൂന്നുകോടി മാത്രമാണ് ഇതുവരെ കർഷകർക്ക് വിതരണം ചെയ്തിട്ടുള്ളത്. ബാക്കി തുക നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു എന്ന് മാത്രമാണ് അധികൃതരുടെ വിശദീകരണം.
ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാത്രം 1,22,322 കർഷകർക്ക് 303.38 കോടിയുടെ കൃഷി നാശമുണ്ടായെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിക്കുകയും താൽക്കാലിക ആശ്വാസമാകേണ്ട നഷ്ടപരിഹാരം അനിശ്ചിതമായി വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇവരിൽ പലരും ഉപജീവനത്തിന് പലിശക്ക് പണമെടുത്തും ബാങ്ക് വായ്പ ഉപയോഗിച്ചും കൃഷിയിറക്കിയവരാണ്. വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളിൽ നേരിട്ട അപ്രതീക്ഷിത നാശനഷ്ടം ഇവരിൽ പലരെയും വൻ കടക്കെണിയിലേക്ക് തള്ളിവിട്ടു. ചിലയിടങ്ങളിൽ ബാങ്കുകൾ ജപ്തി നടപടി ആരംഭിക്കുകകൂടി ചെയ്തതോടെ ആത്മഹത്യയുടെ വക്കിലാണെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.